ഇഡി കേസിലും സിദ്ദിഖ് കാപ്പന് ജാമ്യം: വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ പുറത്തിറങ്ങാനാവും

ന്യൂഡല്‍ഹി: മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം. ഇഡി കേസിലും ജാമ്യം ലഭിച്ചതോടെയാണ് മോചനം സാധ്യമായത്.
അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ സെപ്തംബറില്‍ യുഎപിഎ കേസില്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.

ജാമ്യം നേടി ആറാഴ്ച ഡല്‍ഹിയില്‍ കഴിയണമെന്നും അതിനുശേഷം കേരളത്തിലേക്ക് പോകാമെന്നുമാണ് കോടതി ഉത്തരവില്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ കാപ്പന്റെ മോചനം നീണ്ടുപോവുകയായിരുന്നു. വെരിഫിക്കേഷന്‍ പൂര്‍ത്തിയായാല്‍ സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനാകും.

കാപ്പന്‍ ജാമ്യത്തില്‍ ഇറങ്ങിയാല്‍ കേസിലെ സാക്ഷിയായ മലയാളി മാധ്യമ പ്രവര്‍ത്തകന് ഭീഷണിയുണ്ടാകുമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിരുന്നു. സിദ്ദിഖ് കാപ്പനെതിരെ തെളിവ് നല്‍കിയവരുടെ ജീവന് ഭീഷണിയുണ്ടെന്നും സത്യവാങ്മൂലത്തില്‍ ഉണ്ടായിരുന്നു. പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ജോലി ചെയ്യാനുള്ള യാത്രയിലാണ് യുപി പോലീസ് അറസ്റ്റ് ചെയ്തതെന്നും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞാണ് അലഹബാദ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതെന്നും കാപ്പന്‍ ജാമ്യ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Read Also:കൊടും കുറ്റവാളി ചാള്‍സ് ശോഭരാജ് ജയില്‍ മോചിതനായി


ഹത്രസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി പെണ്‍കുട്ടി മരിച്ച സ്ഥലത്തേക്ക് പോകും വഴി 2020 ഒക്ടോബറിലായിരുന്നു സിദ്ദിഖ് കാപ്പനെ യുപി പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ജയിലില്‍ കഴിയുകയാണ് കാപ്പന്‍. നേരത്തെ മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയും കാപ്പന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ കാപ്പന്‍ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നത്.

Exit mobile version