ലഖ്‌നൗ: ബേഷരം രംഗ് വിവാദത്തില്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെതിരെ വധഭീഷണി. അയോധ്യയില്‍ നിന്നുളള ഹിന്ദു സന്ന്യാസി പരംഹംസ് ആചാര്യയാണ് നടനെതിരെ ഭീഷണിയുമായെത്തിയത്. ഷാരൂഖ് പത്താന്‍ സിനിമയിലൂടെ കാവി നിറത്തെ അപമാനിച്ചു. താന്‍ ഷാരൂഖ് ഖാനെ നേരിട്ടു കണ്ടാല്‍ ജീവനോടെ കത്തിക്കുമെന്നും പരംഹംസ് ആചാര്യ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് പരംഹംസ് ആചാര്യയുടെ വധഭീഷണി.
‘ഞങ്ങളുടെ സനാതന ധര്‍മ്മത്തിലെ ആളുകള്‍ സിനിമക്കെതിരെ തുടര്‍ച്ചയായി പ്രതിഷേധിക്കുകയാണ്. ഇന്ന് ഞങ്ങള്‍ ഷാരൂഖ് ഖാന്റെ പോസ്റ്റര്‍ കത്തിച്ചു. ജിഹാദി ഷാരൂഖ് ഖാനെ നേരിട്ടു കാണാന്‍ കഴിഞ്ഞാല്‍ ഞാന്‍ അയാളെ ജീവനോടെ ചുട്ടെരിക്കും,’ പരംഹംസ് ആചാര്യ പറഞ്ഞു.
മാത്രമല്ല, ബോളിവുഡും ഹോളിവുഡും സദാ സനാതന മതത്തെ അപമാനിക്കുകയാണ്. കാവി വസ്ത്രത്തെ ദീപിക ബിക്കിനിയായി ഉപയോഗിച്ചത് ഞങ്ങളെ വേദനിപ്പിക്കുന്നു. കാവി ബിക്കിനി ധരിക്കണമെന്ന് എന്താ ഇത്ര നിര്‍ബന്ധം. ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന് ഞാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നു. ഈ സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിച്ചാലെ അവര്‍ക്ക് കാര്യം മനസ്സിലാവുകയുളളു. ദുഷ്ടതയെ എതിര്‍ക്കണമെങ്കില്‍ നിങ്ങളും ദുഷ്ടരാവണം,’ എന്നും ട്വിറ്ററില്‍ പ്രചരിക്കുന്ന വീഡിയോയില്‍ പരംഹംസ് ആചാര്യ പറയുന്നു.
‘പത്താന്‍’ എന്ന ചിത്രത്തിലെ ബേഷരം രംഗ് വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഗാനരംഗത്തില്‍ ദീപിക ഓറഞ്ച് ബിക്നിയണിഞ്ഞതാണ് ഒരു വിഭാഗമാളുകള്‍ വിവാദമാക്കിയത്. കഴിഞ്ഞ ദിവസം ഗാനത്തിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയും രംഗത്തെത്തിയിരുന്നു. ദീപികയുടെ വസ്ത്രധാരണത്തിലും സിനിമയിലെ ഗാനരംഗത്തിലും തിരുത്തല്‍ നടത്തേണ്ടതുണ്ട്. അവ ശരിയാക്കണം.
അല്ലെങ്കില്‍ ഈ സിനിമ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കുകയില്ല എന്നായിരുന്നു നരോത്തം മിശ്രയുടെ ആരോപണം. ഷാരൂഖിനും ദീപികയ്ക്കും പുറമെ ജോണ്‍ എബ്രഹാം പത്താനില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സല്‍മാന്‍ ഖാനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തും. സിദ്ധാര്‍ത്ഥ് ആനന്ദ് ആണ് പത്താന്റെ സംവിധാനം നിര്‍വഹിക്കുന്നത്. യാഷ് രാജ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.