ന്യൂഡല്‍ഹി: ഉന്നാവോ കൂട്ടബലാത്സംഗകേസില്‍ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗര്‍ ഇടക്കാല ജാമ്യം തേടി ഡല്‍ഹി ഹൈക്കോടതിയില്‍. ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന മകളുടെ വിവാഹ ആവശ്യത്തിനായുള്ള തയ്യാറെടുപ്പിനായാണ് ഇടക്കാല ജാമ്യം തേടിയത്.
രണ്ട് മാസത്തേക്കുള്ള ജാമ്യാപേക്ഷയാണ് സമര്‍പ്പിച്ചത്. കേസില്‍ കുല്‍ദീപ് സിംങ് സെന്‍ഗാറിന് ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. 25 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. ബിജെപി നേതാവും ഉന്നാവോ മുന്‍ എംഎല്‍എയുമായിരുന്ന കുല്‍ദീപിന് ജീവിതാവസാനം വരെയാണ് തടവ് ശിക്ഷ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.
2017 ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം. കുല്‍ദീപ് സെന്‍ഗാറും സഹായി ശശി സിങ്ങിന്റെ മകനും സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. ഈ സംഭവങ്ങള്‍ കേസില്‍ പൊതുജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. സംഭവം 2018 ഏപ്രിലില്‍ ദേശീയ മാധ്യമങ്ങളില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
ഇതിന് പിന്നാലെയാണ് സെന്‍ഗാറിനെതിരെ പോലീസ് കേസെടുക്കന്‍ തയ്യാറായത്. ഇതിനിടെ പെണ്‍കുട്ടിയുടെ അമ്മാവനെ പഴയൊരു കേസില്‍ പോലീസ് ജയിലിലും അടച്ചു. തുടര്‍ന്ന് കുടുംബത്തിന് ഭീഷണിയുണ്ടെന്നുകാട്ടി പെണ്‍കുട്ടിയും കുടുംബവും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു.
ഇതിനിടെ അമ്മാവനെ കണ്ട് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ കുടുംബവും അഭിഭാഷകനും സഞ്ചരിച്ചിരുന്ന വാഹനം സംശയാസ്പദമായ രീതിയില്‍ അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് രണ്ട് അമ്മായിമാര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ പരുക്കേറ്റ പെണ്‍കുട്ടിയെ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. കേസില്‍ 45 ദിവസത്തിനുള്ളില്‍ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എങ്കിലും അഞ്ച് മാസം വൈകിയാണ് കേസില്‍ വിധി പ്രഖ്യാപിച്ചത്.
Discussion about this post