പട്ന: ബിഹാറില്‍ കോടികള്‍ ചെലവിട്ട് നിര്‍മ്മിച്ച പാലം ഉദ്ഘാടനത്തിന് ദിവസങ്ങള്‍ ശേഷിക്കെ തകര്‍ന്നുവീണു. ആര്‍ക്കും പരുക്കേറ്റിട്ടില്ല. പാലം ഔപചാരികമായി പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കാതിരുന്നതാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
അഞ്ച് വര്‍ഷം പഴക്കമുള്ള പാലം 13 കോടി രൂപ ഉപയോഗിച്ച് പുനര്‍നിര്‍മ്മിച്ചതായിരുന്നു. ബെഗുസരായ് ജില്ലയിലെ ബുര്‍ഹി ഗന്ദക് നദിക്ക് കുറുകെയാണ് പാലം. ഉദ്ഘാടനം ഉടന്‍ നടത്താനും തീരുമാനിച്ചിരുന്നു. അതിനിടയിലാണ് ഈ അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് (നബാര്‍ഡ്) പദ്ധതിയുടെ കീഴിലാണ് പാലം നിര്‍മ്മിച്ചത്.
തകര്‍ന്ന പാലത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഔപചാരികമായി പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുത്തിരുന്നില്ലെങ്കിലും പുനര്‍നിര്‍മ്മാണം കഴിഞ്ഞതിനാല്‍ കുറച്ചെങ്കിലും സമീപവാസികള്‍ യാത്രയ്ക്കായി പാലം ഉപയോഗിച്ചിരുന്നു എന്ന് സീനിയര്‍ ജില്ലാ ഓഫീസര്‍ റോഷന്‍ കുശ്വാഹ പറഞ്ഞു. അപകടസമയത്ത് പാലത്തില്‍ ആരും ഉണ്ടായിരുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. നിരവധി ആളുകളുടെ യാത്രാമാര്‍ഗമാണ് പാലം തകര്‍ന്നതോടെ ഇല്ലാതായതെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.
വിദ്യാര്‍ത്ഥികളും കര്‍ഷകരും വൈദ്യസഹായം ആവശ്യമുള്ളവരുമുള്‍പ്പെടെ നിരവധി പേരെയായിരിക്കും യാത്രാ ദുരിതം ബാധിക്കാന്‍ പോകുന്നതെന്നും അവര്‍ പറഞ്ഞു. പുനര്‍നിര്‍മാണത്തിലിരിക്കുന്ന പാലത്തില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 206 മീറ്റര്‍ നീളമുള്ള വിള്ളലുണ്ടായതായി അധികൃതരുടെ ശ്രദ്ധയില്‍പെട്ടിരുന്നു. തുടര്‍ന്ന് ഇതിലൂടെയുള്ള യാത്ര കര്‍ശനമായി നിയന്ത്രിക്കുകയും ചെയ്തു.
പാലത്തിന്റെ തകര്‍ച്ചയ്ക്ക് പിന്നിലെ കാരണം തങ്ങള്‍ വിലയിരുത്തുകയാണെന്നും സാങ്കേതിക പിഴവോ മറ്റെന്തെങ്കിലുമാണോ എന്ന് പരിശോധിക്കുകയാണെന്നും കുശ്വാഹ അറിയിച്ചു. ഒക്ടോബറില്‍ ഗുജറാത്തിലെ മോര്‍ബിയില്‍ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള തൂക്കുപാലം തകര്‍ന്ന് 130-ലധികം പേര്‍ മരിച്ചിരുന്നു. ഏഴുമാസത്തെ അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനും ശേഷം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തതിന് തൊട്ടുപിന്നാലെയാണ് പാലം തകര്‍ന്നത്. ഗുജറാത്തില്‍ മോര്‍ബി പാലം ദുരന്തം നടന്നതിന് രണ്ട് മാസം പിന്നിട്ട സാഹചര്യത്തിലാണ് ബിഹാറിലെ സംഭവം.