ലക്‌നൗ: വിവാഹ സമ്മാനമായി മകള്‍ക്ക് ബുള്‍ഡോസര്‍ സമ്മാനിച്ച് പിതാവ്. ഉത്തര്‍പ്രദേശിലെ വിരമിച്ച സൈനികന്‍ പരശുറാം പ്രജാപതിയാണ് മകള്‍ നേഹക്ക് വിവാഹ സമ്മാനമായി ബുള്‍ഡോസര്‍ സമ്മാനിച്ചത്. മകള്‍ യുപിഎസ്സി പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ ഉപജീവന മാര്‍ഗത്തിന് വേണ്ടിയാണ് ജെസിബി വാങ്ങി നല്‍കിയതെന്ന് പരശുറാം പറഞ്ഞു.
സംഭവം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുകയാണ്. വിവാഹ വേദിയില്‍ അലങ്കരിച്ച ജെസിബിയുമായാണ് പിതാവ് എത്തിയത്. ഇത് കണ്ടപ്പോള്‍ എല്ലാവരും അമ്പരന്നു. പിന്നീടാണ് പരശുറാം പ്രജാപതി ഇത് തന്റെ മകള്‍ക്കുള്ള സമ്മാനമാണെന്ന് വെളിപ്പെടുത്തിയത്.
നേവി ഉദ്യോഗസ്ഥനായ സൗങ്കര്‍ സ്വദേശി യോഗേന്ദ്രയാണ് നേഹയുടെ വരന്‍. വിവാഹത്തിന് എന്തുകൊണ്ടാണ് മകള്‍ക്ക് ജെസിബി സമ്മാനിച്ചതെന്ന് വിവാഹത്തിനെത്തിയ എല്ലാവരും പരശുറാമിനോട് ചോദിച്ചു. തന്റെ മകള്‍ യുപിഎസ്സിക്ക് തയ്യാറെടുക്കുകയാണെന്നും പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ ബുള്‍ഡോസര്‍ ഉപജീവന മാര്‍ഗമാണെന്നായിരുന്നു പരശുരാമന്‍ മറുപടി നല്‍കിയത്.
.’മറ്റുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം ഒരു സമ്മാനം നല്‍കിയത്. ഡിസംബര്‍ 15 ന് നടന്ന ഞങ്ങളുടെ വിവാഹദിനത്തില്‍ എന്റെ ഭാര്യയുടെ പിതാവ് ജെസിബി സമ്മാനിച്ചു. ഇത് ഞങ്ങളുടെ പ്രദേശത്ത് ഒരു പുതിയ സംഭവമായിരുന്നു,’ എന്ന് പിന്നീട് യോഗേന്ദ്ര പറഞ്ഞു.