റാഞ്ചി: വീണ്ടും രാജ്യത്തെ ഞെട്ടിച്ച് ഡല്‍ഹിയിലെ ശ്രദ്ധ വോള്‍ക്കര്‍ മോഡല്‍ കൊലപാതകം. ജാര്‍ഖണ്ഡിലാണ് ആദിവാസി യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ചത്. 22 വയസ്സുകാരി രബിത പഹാദനാണ് കൊല്ലപ്പെട്ടത്.
കേസില്‍ രബിതയുടെ ഭര്‍ത്താവ് ദില്‍ദാര്‍ അന്‍സാരിയെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പ്രതിയായ ദില്‍ദാറിന്റെ അമ്മ, രബിതയെ അവരുടെ സഹോദരന്‍ മൊയ്‌നുദ്ദീന്‍ അന്‍സാരിയുടെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ വച്ച് രബിതയെ കൊലപ്പെടുത്തിയ ശേഷം, ഇരുമ്പ് മുറിക്കുന്ന മെഷീന്‍ ഉപയോഗിച്ച് ശരീരം കഷ്ണങ്ങളാക്കി വിവിധ ഭാഗങ്ങളില്‍ എറിയുകയായിരുന്നെന്നാണ് പോലീസ് കണ്ടെത്തല്‍.
സാഹിബ്ഗഞ്ച് ഗ്രാമത്തിലെ ബോറിയോ സന്താലിയിലാണ് രബിതയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മനുഷ്യശരീര ഭാഗങ്ങള്‍ നായ്ക്കള്‍ ഭക്ഷിക്കുന്നത് കണ്ട ഗ്രാമീണര്‍ പോലീസിനെ വിവരമറിയിച്ചതോടെയാണ് ദാരുണമായ കൊലപാതകം പുറത്തെത്തിയത്.
പ്രതികള്‍ റൂബികയെ കൊലപ്പെടുത്തി മൃതദേഹം അന്‍പതോളം കഷ്ണങ്ങളാക്കി വീട്ടില്‍ ചാക്കിനുള്ളില്‍ സൂക്ഷിക്കുകയും ചില ഭാഗങ്ങള്‍ സമീപ പ്രദേശങ്ങളില്‍ ഉപേക്ഷിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തി.
ദില്‍ദാര്‍ രബിതയെ പ്രണയിച്ച് വിവാഹം ചെയ്തതാണ്. ഇയാളുടെ രണ്ടാം ഭാര്യയാണ് രബിത. ഇരുവരും തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നാണ് വിവരം. ഇരുവരും തമ്മില്‍ കുറച്ചു ദിവസങ്ങളായി വഴക്കുണ്ടാവുകയും അത് കൊലപാതകത്തിലേക്ക് എത്തിയെന്നുമാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
രബിതയുടേതാണ് മൃതദേഹാവശിഷ്ടങ്ങളെന്ന് പോലീസ് കണ്ടെത്തിയതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ദില്‍ദാറിന്റെ അമ്മാവന്റെ വീടിന്റെ ടെറസില്‍ രക്തക്കറ കണ്ടെത്തിയത്. ഇതില്‍ സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളിലേക്ക് സൂചന ലഭിച്ചത്.
ദില്‍ദാറിന്റെ അമ്മാവന്‍ അന്‍സാരിക്കും കൊലയില്‍ പങ്കുണ്ടെന്നു പോലീസ് സംശയിക്കുന്നു. ദില്‍ദാറിന്റെയും അന്‍സാരിയുടെയും കുടുംബാംഗങ്ങളും പൊലീസ് കസ്റ്റഡിയിലാണ്. ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി പതിമൂന്നോളം ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. പൂട്ടിക്കിടന്ന ഒരു വീടിനുള്ളില്‍നിന്നു ചില ശരീരഭാഗങ്ങള്‍ കണ്ടെടുത്തിരുന്നു.