ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും നടി ദീപിക പദുകോണുമാണ് ഇപ്പോൾ സോഷ്യൽമീഡിയയും സിനിമാ ലോകത്തും ചർച്ചാവിഷയമാകുന്നത്. ഇതിനെല്ലാം അടിസ്ഥാനമാകുന്നതാകട്ടെ പഠാൻ എന്ന പുതിയ ചിത്രവും. ചിത്രത്തിന്റെ ഗാനരംഗമാണ് വിവാദത്തിലേയ്ക്ക് കൂപ്പുകുത്തിയത്. നടി ദീപിക പദുകോൺ ഗാനരംഗത്തിൽ ബിക്കിനി ധരിച്ചതും വസ്ത്രത്തിന് കാവി നിറമായതാണ് പ്രശ്‌നം.
ഇത് ഹിന്ദുക്കളുടെ മതവികാരത്തെ ഉണർത്തുന്നുവെന്ന് ആരോപിച്ച് സംഘപരിവാർ രംഗത്ത് വന്നതാണ് തുടക്കം. പിന്നീട് മുസ്ലിം സംഘടനകളും ചിത്രത്തിനെതിരെ പരസ്യമായി രംഗത്ത് വന്നു. അശ്ലീലം കാണിക്കുന്നുവെന്നായിരുന്നു ഉയരുന്ന ആരോപണം. ഈ വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെ ദീപിക പദുകോണിന്റെ ഭർത്താവും നടനുമായ രൺവീൻ സിംഗിനെതിരെയും കടുത്ത വിമർശനം ഉയരുകയാണ്.
ഗാനരംഗത്ത് അഭിനയിക്കാൻ ദീപികയെ, ഭർത്താവായ രൺവീർ എങ്ങനെ അനുവദിച്ചുവെന്ന് ചോദിച്ച് മുൻ ഐ പി എസ് ഉദ്യോഗസ്ഥനായ എം നാഗേശ്വര റാവു ആണ് രംഗത്ത് വന്നിരിക്കുന്നത്. ‘കുറച്ച് രൂപയ്ക്ക് വേണ്ടി തന്റെ ഭാര്യയെ പരസ്യമായി പീഡിപ്പിക്കാൻ അനുവദിക്കുന്ന അല്ലെങ്കിൽ സഹിക്കുന്ന ഇയാൾ എന്ത് തരത്തിലുള്ള ഭർത്താവാണ്’, എന്ന് ഇയാൾ ട്വീറ്റ് ചെയ്യുന്നു.
ട്വീറ്റ് വിവാദമായതിന് പിന്നാലെ ട്വിറ്റർ ഇദ്ദേഹത്തെ ബാൻ ചെയ്തു. പിന്നാലെ ഐപിഎസ് ഓഫീസറുടെ സ്ത്രീവിരുദ്ധ പ്രസ്താവനയ്ക്ക് എതിരെ വൻ തോതിൽ പ്രതിഷേധം ഉയർന്നു. പരസ്യമായി മാപ്പ് പറയണമെന്നാണ് ഉയരുന്ന ആവശ്യം.