‘പ്രായം കുറെയായില്ലേ, വിവാഹമൊന്നും വേണ്ടേ’ 20 പിന്നിട്ടാൽ യുവതലമുറ ഏറ്റവും കൂടുതൽ നേരിടുന്ന ചോദ്യങ്ങളാണ് ഇത്. കാലം എത്ര കടന്നുപോയാലും, സമൂഹത്തിന് വളർച്ചയുണ്ടായാലും അന്യം നിന്നു പോകാത്ത ചോദ്യങ്ങളിൽ ഒന്നാണ് ഇത്. ഈ ചോദ്യം നേരിടാത്ത ഒരാൾ പോലും ഉണ്ടാകില്ല എന്നതാണ് വാസ്തവം. എന്നാൽ ഇപ്പോൾ നാട്ടുകാരുടെ ഈ അന്വേഷണത്തിൽ വ്യത്യസ്തമായ രീതിയിൽ മറുപടി നൽകുകയാണ് യുവതി.
ഭഗവാൻ മഹാവിഷ്ണുവിനെ വിവാഹം ചെയ്താണ് മറുപടി നൽകിയത്. രാജസ്ഥാൻകാരി പൂജ സിങാണ് വിവാഹത്തിന്റെ ചടങ്ങുകൾ നടത്തി സാങ്കൽപികമായി ഭഗവാൻ മഹാവിഷ്ണുവിനെ വിവാഹം കഴിച്ചത്. ചെറുപ്പം മുതൽ മാതാപിതാക്കൾ തമ്മിലുളള വഴക്കും അടിപിടിയും കണ്ടാണ് വളർന്നത്. അതുകൊണ്ടുതന്നെ ജീവിതത്തിൽ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് നേരത്തെ തീരുമാനമെടുത്തിരുന്നതായി പൂജ പറയുന്നു.
വിവാഹത്തിന്റെ പേരിൽ സ്വന്തം ജീവിതം നശിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും കൂട്ടിച്ചേർത്തു. എന്നാൽ മറ്റുള്ളവരുടെ ചോദ്യങ്ങൾകൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് ഇത്തരമൊരു തീരുമാനമെടുക്കാൻ തീരുമാനിച്ചതെന്നും പൂജ പറയുന്നു. ഒറ്റയ്ക്ക് ജീവിക്കുന്നതിനോടുളള സമൂഹത്തിന്റെ പ്രശ്‌നം ഈ വിവാഹത്തോടെ മാറികിട്ടുമെന്നാണ് പൂജയുടെ പക്ഷം.
വിവാഹശേഷം സ്വന്തം വീട്ടിൽ തന്നെ കഴിയുകയും ഭഗവാൻ വിഷ്ണുവിനുവേണ്ടി ദിവസവും ഭക്ഷണം തയാറാക്കുകയും ചെയ്യുമെന്നും പൂജ പറയുന്നു. ജയ്പൂരിലെ ഗോവിന്ദഘർ എന്ന ഗ്രാമത്തിലാണ് ഈ വ്യത്യസ്തമായ ഈ വിവാഹം നടന്നത്. യഥാർഥ വിവാഹത്തിലേതുപോലുളള പൂജകളും മറ്റ് ചടങ്ങുകളുമെല്ലാം ഉൾപ്പെടുത്തിയാണ്പൂജ ദൈവത്തെ വിവാഹം ചെയ്തത്. വൈറൽ വിവാഹത്തിന്റെ നിരവധി വിഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.