ബലംഗീർ: സ്‌കൂൾ കായികമേളയ്ക്കിടെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ കഴുത്തിൽ ജാവലിൻ തുളച്ചുകയറി. ഒഡീഷയിലെ ബലംഗീർ ജില്ലയിലെ സ്‌കൂൾ കായികമേളയ്ക്കിടെയാണ് സംഭവം. ജാവലിൻ ത്രോയുടെ പരിശീലന സെഷൻ വീക്ഷിക്കുന്നതിനിടെയാണ് 14 കാരനായ സദാനന്ദ മെഹർ എന്ന വിദ്യാർഥിയുടെ കഴുത്തിലാണ് ജാവലിൻ തുളച്ചു കയറിയത്.
ആന്തരിക അവയവങ്ങൾക്ക് പരിക്കില്ലാത്തതിനാൽ കുട്ടിയുടെ ജീവന് രക്ഷയായി. ശസ്ത്രക്രിയക്ക് ശേഷം കുട്ടി സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിക്കുന്നു. അഗൽപൂരിലെ ബോയ്‌സ് ഹൈസ്‌കൂളിലാണ് ദാരുണ സംഭവം. ബാലൻഗീറിലെ ഭീമാ ഭോയ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ (ബിബിഎംസിഎച്ച്) ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷമാണ് കുട്ടിയുടെ കഴുത്തിൽ നിന്നും ജാവലിൻ നീക്കം ചെയ്തത്.
ജാവലിൻ തൊലിക്ക് താഴെയായിരുന്നുവെന്നും പേശി പാളിക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും ബിബിഎംസിഎച്ച് മെഡിക്കൽ സൂപ്രണ്ട് മാൻസി പാണ്ഡ പറഞ്ഞു. ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ മറ്റ് പ്രശ്നങ്ങളില്ല. കുട്ടിയുടെ നില തൃപ്തികരമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചികിത്സാ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.