വിജയവാഡ: വിവാഹമോചനം ലഭിക്കാനായി ഭര്‍ത്താവ് എച്ച്‌ഐവി അണുബാധയുള്ള രക്തം കുത്തിവെച്ച് രോഗിയാക്കിയെന്ന് പരാതിപ്പെട്ട് യുവതി. ആന്ധ്രപ്രദേശിലെ വിജയവാഡ തഡേപ്പള്ളി സ്വദേശിയായ യുവതിയാണ് ഭര്‍ത്താവിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.
യുവതിയുടെ പരാതിയില്‍ 40-കാരനായ ഭര്‍ത്താവിനെ ചോദ്യംചെയ്യാനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവതി എച്ച്‌ഐവി ബാധിതയാണെന്ന് ചൂണ്ടിക്കാട്ടി വിവാഹമോചനം നേടാനാണ് ഭര്‍ത്താവ് ശ്രമിക്കുന്നതെന്നും ഇതിനായാണ് നാട്ടുവൈദ്യന്റെ സഹായത്തോടെ ഭര്‍ത്താവ് രക്തം കുത്തിവെച്ചെന്നുമാണ് ഗര്‍ഭിണി കൂടിയായ യുവതിയുടെ പരാതി.
ഈയടുത്താണ് ആശുപത്രിയില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് യുവതി എച്ച്‌ഐവി പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് ഭര്‍ത്താവ് രക്തം കുത്തിവെച്ചതായി ആരോപിച്ച് പരാതി നല്‍കിയത്.
ഈ ദമ്പതിമാര്‍ക്ക് ഒരു പെണ്‍കുഞ്ഞുമുണ്ട്. ഭര്‍ത്താവ് 2018 മുതല്‍ തന്നെ ഉപദ്രവിക്കുമായിരുന്നു എന്നാണ് യുവതിയുടെ പരാതി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കണമെന്ന് പറഞ്ഞും നിരന്തരം ഉപദ്രവിച്ചിരുന്നു.
കൂടാതെ ഇയാള്‍ക്ക് വിശാഖപട്ടണം സ്വദേശിനിയുമായി രഹസ്യബന്ധമുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. ഇതേത്തുടര്‍ന്ന് വിവാഹമോചനത്തിനായി ഭര്‍ത്താവ് നിരന്തരം സമ്മര്‍ദം ചെലുത്തുകയാണ് എന്നാണ് യുവതിയുടെ പരാതി.