‘ദീപിക കാവി ധരിച്ചാല്‍ പ്രശ്‌നം, സ്മൃതി ഇറാനി ധരിച്ചാല്‍ പ്രശ്‌നമില്ല’: വീഡിയോയുമായി തൃണമൂല്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ദീപിക പദുക്കോണും ഷാരൂഖ് ഖാനും പ്രധാന വേഷത്തിലെത്തുന്ന
‘പത്താന്‍’ സിനിമയിലെ ‘ബേഷരം റംഗ്’ എന്ന ഗാനം നായികയുടെ വസ്ത്രനിറം കൊണ്ട് സംഘപരിവാര്‍ വിവാദമാക്കിയിരിക്കുകയാണ്. വിവാദത്തില്‍ ബിജെപിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രഗത്തെത്തിയിരിക്കുകയാണ്.

സിനിമയ്‌ക്കെതിരെയുളള ബിജെപിയുടെ പരാമര്‍ശങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി മുമ്പ് കാവി വസ്ത്രം ധരിച്ച് മിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുന്ന വീഡിയോ പങ്കുവെച്ച് ആണ് തൃണമൂല്‍ തിരിച്ചടിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് റിജു ദത്തയാണ് സ്മൃതി ഇറാനിയുടെ പഴയ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.

ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ ട്വിറ്ററിലിട്ട കുറിപ്പിന് മറുപടിയായിട്ടായിരുന്നു റിജു ദത്തയുടെ മറുപടി. ‘കാവിയെന്നത് നിങ്ങളുടെ പാര്‍ട്ടിയുടെ പിതൃസ്വത്താണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ഈ അഭിനയം ആദ്യം നിര്‍ത്തൂ. രണ്ടാമതായി, ദീപികയെപ്പോലുള്ള സ്ത്രീകള്‍ കാവി വസ്ത്രം ധരിക്കുമ്പോള്‍ നിങ്ങള്‍ക്ക് വലിയ പ്രശ്‌നമാണ്. അതേസമയം, സ്മൃതി ഇറാനി അത് ധരിച്ചാല്‍ യാതൊരു പ്രശ്‌നവുമില്ല. നിങ്ങള്‍ക്ക് ഭാഗിക അന്ധതയുണ്ടെന്ന് ഞാന്‍ സംശയിക്കുന്നു. കപടനാട്യക്കാര്‍!.

സ്ത്രീശാക്തീകരണത്തിന്റെ ഉദാത്ത മാതൃകയായ ഒരു വനിത നയിക്കുന്ന പാര്‍ട്ടിയില്‍ അംഗമാണ് ഞാന്‍. നിങ്ങളാകട്ടെ, ബലാത്സംഗക്കേസിലെ പ്രതികളെ ‘സന്‍സ്‌കാരി ബ്രാഹ്‌മിന്‍സ്’ എന്ന് വിളിക്കുന്നവരുടെ പാര്‍ട്ടിക്കാരും,’ റിജു ദത്ത ട്വിറ്ററില്‍ കുറിച്ചു.


1998ല്‍ മിസ് ഇന്ത്യ മത്സരത്തില്‍ സ്മൃതി ഇറാനി പങ്കെടുക്കുന്ന വീഡിയോയാണ് റിജു ദത്ത പങ്കുവെച്ചത്. ‘ഇതുപോലെ സ്ത്രീവിരുദ്ധനായ ഒരാളെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ദേശീയ വക്താവായി നിയോഗിക്കാന്‍ മമതാ ബാനര്‍ജിക്ക് ലജ്ജയില്ലേ? സ്ത്രീകളോടോ അവരുടെ തീരുമാനങ്ങളോടോ തെല്ലും ബഹുമാനമില്ലാത്ത വ്യക്തിയാണ് അയാള്‍.

സ്ത്രീകളുടെ വിജയത്തെയും അവരുടെ ഉയര്‍ച്ചയേയും അയാള്‍ എതിര്‍ക്കുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം ഇയാളെപ്പോലുള്ള പുരുഷന്‍മാരാണ്’, എന്ന് റിജു ദത്തയെ വിമര്‍ശിച്ചുകൊണ്ട് ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജി ട്വീറ്റ് ചെയ്തു.

എന്നാല്‍ ബില്‍ക്കിസ് ബാനു എന്ന യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയവരെ പിന്തുണച്ച ചരിത്രമുള്ളവരാണ് തന്നെ സത്രീവിരുദ്ധനെന്ന് ആക്ഷേപിക്കുന്നതെന്നും റിജു ദത്തയും പ്രതികരിച്ചു.

Exit mobile version