ന്യൂഡല്‍ഹി: ബിസിസിഐയുമായുള്ള ജേഴ്സി സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറാനൊരുങ്ങി ബൈജൂസ് ആപ്പ്. കരാറില്‍ നിന്നും പിന്മാറുന്നതായി ബൈജൂസ് ഔദ്യോഗികമായി അറിയിച്ചുവെന്ന് ബിസിസിഐ അധികൃതര്‍ വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി മൂലമാണ് ബൈജൂസിന്റെ പിന്മാറ്റം.
2023 മാര്‍ച്ചോടെ കരാറില്‍ നിന്നും പിന്‍വാങ്ങാനാണ് കമ്പനി ഒരുങ്ങുന്നത്.അടുത്ത വര്‍ഷം അവസാനം വരെയാണ് ബൈജൂസും ബിസിസിഐയും തമ്മിലുള്ള കരാര്‍ കാലാവധി. എന്നാല്‍ വ്യവസ്ഥകള്‍ പാലിച്ച് കരാറില്‍ നിന്നും പിന്മാറാമെന്ന് കമ്പനിയെ ബിസിസിഐ അറിയിച്ചിട്ടുണ്ട്. 55 മില്യണ്‍ ഡോളറിന്റേതാണ് കരാര്‍. ബിസിസിഐയുമായുള്ള കരാറിന് ഒപ്പോയേക്കാള്‍ പത്ത് ശതമാനം അധികം തുകയാണ് ബൈജൂസ് നല്‍കുന്നത്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ വന്‍ ബാധ്യതയിലായ കമ്പനി ചെലവ് ചുരുക്കലിന്റെ ഭാഗമായി പല നടപടികളും സ്വീകരിച്ചിരുന്നു. നഷ്ടത്തിലായ കമ്പനി 2500 ഓളം ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ബൈജൂസിന്റെ നഷ്ടം 4,588 കോടിയായി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ചെലവ് ചുരുക്കുമെന്ന് ബൈജൂസ് വ്യക്തമാക്കിയിരുന്നു.
കമ്പനിയുടെ പരസ്യത്തിനും പ്രൊമോഷനുമായുള്ള ചെലവ് 899 കോടി രൂപയില്‍ നിന്നും 150 ശതമാനം വര്‍ധിച്ച് 2,251 കോടി രൂപയായി ഉയര്‍ന്നിരുന്നു. ഇതിന് പുറമേ ബൈജൂസിന്റെ ആദ്യ ഗ്ലോബല്‍ അംബാസിഡറായി അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുമായും കരാര്‍ ഒപ്പിട്ടു. എല്ലാവര്‍ക്കും വിദ്യാഭ്യാസമെന്ന ബൈജൂസിന്റെ സോഷ്യല്‍ ഇനിഷ്യേറ്റീവ് അംബാസിഡര്‍ മെസ്സി ആയിരുന്നു.