അഹമ്മദാബാദ്: ആദ്യഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്ന് രണ്ടാമത് വിവാഹിതയായ യുവതിക്ക് ക്രൂരമർദ്ദനം. ഗുജറാത്തിലാണ് സംഭവം. ആദ്യഭർത്താവിന്റെ വീട്ടുകാരാണ് യുവതിയെ കെട്ടിയിട്ട് മർദിക്കുകയും അവരുടെ മുടിമുറിക്കുകയും ചെയ്തത്. സംഭവത്തിൽ നാലു പേർക്കെതിരേ കേസെടുത്ത പോലീസ് രണ്ടുപേരെയാണ് അറസ്റ്റ് ചെയ്തത്.
അമ്രേലി ജില്ലയിലെ ഗൽകോടഡി ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. മുപ്പത്തഞ്ചുകാരിയായ യുവതിക്ക് ആദ്യ വിവാഹബന്ധത്തിൽ നാല് കുട്ടികളാണുള്ളത്. ഇവരുടെ ഭർത്താവ് നാലുവർഷംമുമ്പാണ് വാഹനാപകടത്തിൽ മരിച്ചത്. തുടർന്ന് കുട്ടികളുമായി കഴിഞ്ഞിരുന്ന യുവതി ഒരുവർഷംമുമ്പ് മറ്റൊരാളെ വിവാഹംചെയ്തു. കഴിഞ്ഞദിവസം മുൻ ഭർത്താവിന്റെ സഹോദരി ഗൂഗയെ കാണാൻ ചെന്നപ്പോഴാണ് യുവതി മൃഗീയ മർദ്ദനത്തിന് ഇരയായത്.
ഗൂഗയും അയൽവാസിയായ ഫാഗു ബെന്നും ചേർന്ന് യുവതിയുടെ ഇരുകൈകളും തൂണിൽ പിടിച്ചുവെച്ചു. ഗൂഗയുടെ ഭർത്താവ് ഒരു മരത്തടികൊണ്ട് യുവതിയുടെ ബോധം പോകുവോളം മർദ്ദിക്കുകയായിരുന്നു. പിന്നാലെ മറ്റൊരു ബന്ധുവായ ചാക്കു യുവതിയുടെ മുടിയും മുറിച്ചു. പഴയഭർത്താവിന്റെ അമ്മയാണ് സ്ഥലത്തെത്തി അക്രമം തടഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു.
Discussion about this post