പൗരത്വ രജിസ്റ്റര്‍ പ്രക്രിയ പൂര്‍ത്തിയാകുമ്പോള്‍ അസമില്‍ ചുരുങ്ങിയത് 10 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരന്‍മാര്‍ അല്ലാതായേക്കും. പൗരത്വ രജിസ്റ്ററിന്റെ കരടില്‍ ഇടം നേടാതെ പോയ 40 ലക്ഷം പേരില്‍ 30 ലക്ഷം പേര്‍ മാത്രമാണ് വീണ്ടും അപേക്ഷ സമര്‍പ്പിച്ചത്. ഈ അപേക്ഷാ സമര്‍പ്പണത്തിനുള്ള കാലാവധി ഇന്നലെ അവസാനിക്കുകയും ചെയ്തു.
കഴിഞ്ഞ ജൂലൈ 30നാണ് അസം പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പുറത്തിറങ്ങിയത്. 3.32 കോടി അപേക്ഷകരില്‍ അന്ന് 40.7 ലക്ഷം പേര്‍ ഈ കരട് പട്ടികയില്‍ ഇടം നേടിയില്ല. ഇവര്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാനും രേഖകള്‍ വീണ്ടും നല്‍കി പൗരത്വം ഉറപ്പാക്കാനും സെപ്തംബര്‍ 25 മുതല്‍ ഡിസംബര്‍ 31 വരെ സുപ്രീംകോടതി സമയം അനുവദിച്ചിരുന്നു.
ഈ കാലയളവില്‍ 30 ലക്ഷം പേര്‍ക്കാണ് അപേക്ഷ വീണ്ടും സമര്‍പ്പിക്കാനായത്. ഇതോടെ 10.07 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരന്‍മാരല്ലാതായി തീരുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇവര്‍ക്കായി ഇനി കോടതി പ്രത്യേകം സമയം നീട്ടി നല്‍കിയെങ്കില്‍ മാത്രമേ അപേക്ഷാ സമര്‍പ്പണം സാധ്യമാകൂ.