ദീപിക പദുകോണിന്റെ വസ്ത്രവും രംഗങ്ങളും തിരുത്തണം: പത്താന്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മധ്യപ്രദേശ് ആഭ്യന്തരമന്ത്രി

മുംബൈ: ഷാരൂഖ് ഖാന്‍ ചിത്രമായ പത്താനെതിരെ സമൂഹമാധ്യമങ്ങളില്‍ സംഘപരിവാര്‍ അനുകൂലികള്‍ ബഹിഷ്‌കരണാഹ്വാനം ചെയ്തിരിക്കുകയാണ്. ചിത്രത്തിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്ത് വന്നതിന് പിന്നാലെയാണ് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം ആളുകള്‍ എത്തിയത്. പാട്ടിലൂടെ കാവി നിറത്തെ അപമാനിച്ചുവെന്നാണ് ഇവരുടെ വാദം.

ഇപ്പോഴിതാ പത്താനെതിരെ രൂക്ഷവിമര്‍ശനവുമായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര രംഗത്ത് എത്തിയിരിക്കുകയാണ്. കാവി നിറത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിച്ചത് തന്നെ ചൊടിപ്പിച്ചെന്നും ചിത്രത്തില്‍ ആക്ഷേപകരമായ രംഗങ്ങളുണ്ടെന്നും ചിത്രീകരണം വളരെ തെറ്റായിപ്പോയെന്നും മന്ത്രി പറഞ്ഞു.

വസ്ത്രങ്ങളും രംഗങ്ങളും തിരുത്തണമെന്നും അല്ലാത്തപക്ഷം പത്താന്‍ മധ്യപ്രദേശില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ആക്ഷേപകരമായ രംഗങ്ങള്‍ ഇല്ലാതാക്കിയാല്‍ പരിഗണിക്കുമെന്നും പറഞ്ഞു.

Read Also:‘ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കും’: ഖേദം പ്രകടിപ്പിച്ച് നടന്‍ മമ്മൂട്ടി


‘ബെഷറാം രംഗ്’ എന്ന് തുടങ്ങുന്ന ഗാനത്തിലെ ദീപിക പദുകോണിന്റെ വസ്ത്രധാരണവും അതിന്റെ നിറവുമാണ് വിവാദങ്ങള്‍ക്ക് കാരണം. ഗാനരംഗത്തില്‍ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച് നടി എത്തുന്നുണ്ട്. ഈ രംഗത്തോടൊപ്പം ബെഷറാം രംഗ് (ലജ്ജയില്ലാത്ത നിറം) എന്ന വരികളും ചേര്‍ത്തതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. പാട്ട് യൂട്യൂബില്‍ ആദ്യസ്ഥാനത്ത് ഇടംപിടിച്ചിട്ടുണ്ടെങ്കിലും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

Exit mobile version