ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നിന്നും ചാടിയ യുവതിയുടെ കൈയിലിരുന്ന 10 മാസം പ്രായമായ കുഞ്ഞ് മരണപ്പെട്ടു. പരിക്കുകളോടെ യുവതി രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലാണ് സംഭവം. മുംബൈ – അഹമ്മദാബാദ് ഹൈവേയിലൂടെ കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് 19 കാരി കുഞ്ഞുമായി റോഡിലേക്ക് ചാടി ഇറങ്ങിയത്. പ്രാഥമിക അന്വേഷണത്തിൽ കാർ ഡ്രൈവർ കൈക്കുഞ്ഞുമായി ചാടിയിറങ്ങിയത്.
വീഴ്ചയെ തുടർന്നുണ്ടായ പരിക്കുകളാണ് കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയത്. ഡ്രൈവറുടെ ഭാഗത്തുനിന്നും പീഡനശ്രമം ഉണ്ടായതോടെ രക്ഷപ്പെടാൻ മറ്റു മാർഗ്ഗമില്ലാതെ പുറത്തേക്ക് ചാടുകയായിരുന്നു എന്നാണ് യുവതിയുടെ പ്രാഥമിക മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, ഈ ആരോപണം ഡ്രൈവറും നിഷേധിച്ചു.
യുവതിയുടെ കൈയ്യിൽ നിന്നും കുഞ്ഞ് അബദ്ധത്തിൽ റോഡിലേക്ക് വീണെന്നും ഇതിൽ പരിഭ്രാന്തയായ യുവതി വാഹനം നിർത്തും മുൻപേ റോഡിലേക്ക് ചാടി ഇറങ്ങുകയായിരുന്നു എന്നുമാണ് ഡ്രൈവർ ചോദ്യം ചെയ്യലിൽ വിശദീകരിച്ചത്. ഇരുവരുടെയും മൊഴികളിൽ വൈരുദ്ധ്യം കണ്ടതോടെ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്. യുവതി ഭർത്താവുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത് എന്നും ഡ്രൈവർ പറയുന്നു.
Discussion about this post