തെലങ്കാന: സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഏതറ്റം വരെയും കഷ്ടപ്പെടുന്നവരുണ്ട്. സ്വന്തമായി ഒരുവാഹനം എന്നത് യുവാക്കളുടെയെല്ലാം ആഗ്രഹമാണ്. തെലങ്കാനയിലെ ഒരു പോളിടെക്നിക് വിദ്യാര്‍ത്ഥിയായ വെങ്കിടേഷ് സ്വന്തം വാഹനമെന്ന സ്വപ്നം സഫലമാക്കിയത് ഒറ്റ രൂപാ നാണയങ്ങള്‍ കൊണ്ടാണ്.
ഒറ്റ രൂപാ നാണയങ്ങള്‍ ശേഖരിച്ചുവച്ച് 2.85 ലക്ഷം രൂപയുടെ ബൈക്കാണ് അവന് സ്വന്തമാക്കിയത്. അതും ഒരു സ്പോര്‍ട്സ് ബൈക്ക്. തെലങ്കാനയിലെ മഞ്ചേരിയല്‍ ജില്ലാ ആസ്ഥാനത്തെ രാമകൃഷ്ണപൂര്‍ തരാകരാമ കോളനി നിവാസിയാണ് വെങ്കിടേഷ്.
പോളിടെക്നിക് വിദ്യാര്‍ത്ഥിയായ വെങ്കിടേഷിന്റെ എക്കാലത്തെയും വലിയ ആഗ്രഹമായിരുന്നു ഒരു നല്ല സ്പോര്‍ട്സ് ബൈക്ക്. അങ്ങനെയാണ്, ഒറ്റരൂപാ തുട്ടുകള്‍ കൂട്ടിവെക്കാന്‍ തുടങ്ങിയത്.
ഗ്രാമത്തിലൂടെ ബൈക്കില്‍ സഞ്ചരിക്കുക എന്നതായിരുന്നു കടുത്ത യാത്രാ പ്രേമിയായ വെങ്കിടേഷിന്റെ ഏറ്റവും വലിയ സ്വപ്നം. എന്നാല്‍, അതിനുള്ള സാമ്പത്തിക സ്ഥിതി അവനുണ്ടായിരുന്നില്ല. അതിനാല്‍, കിട്ടുന്ന ചില്ലറയെല്ലാം അവന് അതിനായി ശേഖരിച്ചുവെക്കാന്‍ തുടങ്ങി.
ഒടുവില്‍ ഇക്കഴിഞ്ഞ ആഴ്ച അവന് സ്പോര്‍ട്സ് ബൈക്ക് വില്‍ക്കുന്ന ഷോറൂമിലേക്ക് ചെന്നു. അവന്റെ കൈയില്‍ 11 സഞ്ചികളിലായി ലക്ഷങ്ങളുടെ ഒറ്റ രൂപാ നാണയങ്ങള്‍ ഉണ്ടായിരുന്നു. സ്പോര്‍ട്സ് ബൈക്കിന്റെ വില കേട്ട ശേഷം അവന് പണം അവരെ ഏല്‍പ്പിച്ചു. എന്നാല്‍, ഇത്രയും നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തി ബൈക്ക് വില്ക്കാന് അവിടെയുള്ളവര്‍ ആദ്യം തയ്യാറായില്ല. പക്ഷേ, അവന്റെ നിശ്ചയദാര്‍ഢ്യവും ബൈക്കിനോടുള്ള ആഗ്രഹവും കണ്ടറിഞ്ഞപ്പോള്‍ അവരതിന് തയ്യാറാവുകയായിരുന്നു.
അതിനായി അവര്‍ രാവിലെ മുതല്‍ ആ നാണയങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ തുടങ്ങി. ഒട്ടും എളുപ്പമായിരുന്നില്ല അത്. രാവിലെ തുടങ്ങിയ എണ്ണിത്തീര്‍ക്കല്‍ കഴിയുമ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. പണം എണ്ണിത്തിട്ടപ്പെടുത്തിയപ്പോള്‍, അവര്‍ അവന് ഉറപ്പു നല്കി, ബൈക്ക് തരാം, പണം കൃത്യമാണ്. അങ്ങനെ വെങ്കിടേഷിന് അവര്‍ ബൈക്ക് കൈമാറി. ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം പൂവണിഞ്ഞ സന്തോഷത്തോടെ ആ ബൈക്കില്‍ തന്നെ വീട്ടിലേക്ക് പോയി.
Discussion about this post