ഇന്ത്യന്‍ വിവാഹ വേദികളില്‍ ‘വിവാഹത്തല്ല്’ ഇപ്പോള്‍ ഒരു ആചാരമായി മാറിയിരിക്കുകയാണ്. ഓണത്തല്ല് എന്ന് പറയുന്നത് പോലെ കല്ല്യാണത്തിന് തല്ല് നിര്‍ബന്ധമാണ്. അത് വരന്റേയും വധുവിന്റേയും വീട്ടുകാര്‍ തമ്മില്‍ ആണെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ നല്ല മാര്‍ക്കറ്റും ഉണ്ട്.
അത്തരത്തില്‍ ഒരു വിവാഹത്തല്ലിന് സാക്ഷ്യം വഹിക്കുകയാണ് യുപിയിലെ ദേവരിയ ജില്ല. ഡിസംബര്‍ എട്ടിനായിരുന്നു വിവാഹം നടന്നത്. തല്ല് നടക്കാനുണ്ടായ കാരണമാണ് അതിലും വിചിത്രം. ആദ്യം ആര് ഫോട്ടോ പകര്‍ത്തും എന്നതായിരുന്നു തര്‍ക്കത്തിനുള്ള കാരണം.
പെണ്ണിന്റെ വീട്ടുകാര്‍ ആദ്യം വിവാഹത്തിന്റെ ചിത്രം പകര്‍ത്തുമോ അതോ ചെറുക്കന്റെ വീട്ടുകാര്‍ പകര്‍ത്തുമോ എന്നതായിരുന്നു തര്‍ക്കത്തില്‍ കലാശിച്ചത്. വരമാല ചടങ്ങ് കഴിഞ്ഞയുടനെ തന്നെ വരന്റെയും വധുവിന്റെയും വീട്ടുകാര്‍ ആര് ആദ്യം ഫോട്ടോ പകര്‍ത്തും എന്നതിനെ ചൊല്ലി ചര്‍ച്ച തുടങ്ങി. ഇത് അധികം വൈകാതെ വഴക്കിലും കയ്യാങ്കളിയിലും എത്തിച്ചേരുകയായിരുന്നു. ഏതായാലും സംഭവത്തില്‍ വരന്റെ അമ്മാവനും സഹോദരിക്കും പരിക്കേറ്റു.
അധികം വൈകാതെ രാംപൂര്‍ കര്‍ഖാന പോലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി. അപ്പോഴേക്കും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വരനാണെങ്കില്‍ ഇതിലെല്ലാം മനം മടുത്ത് ആദ്യം താലി കെട്ടാന്‍ വിസമ്മതിച്ചു. എന്നാല്‍, പിന്നീട് വിവാഹം നടന്നു. വഴക്കിട്ടവരില്‍ പലരും മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നാണ് അറിയുന്നത്.
Discussion about this post