ബാംഗ്ലൂര്‍: ഇത് ഇന്ത്യയില്‍ തന്നെയല്ലേ എന്ന് തോന്നിപ്പിക്കുന്ന അപൂര്‍വ്വമായ സംഭവമാണ് കഴിഞ്ഞ ദിവസം രാത്രി ബാംഗ്ലൂരില്‍ അരങ്ങേറിയത്. രാത്രി പതിനൊന്നിനു ശേഷം പുറത്തിറങ്ങിയതിന്റെ പേരില്‍ ബാംഗ്ലൂരില്‍ ദമ്പതികള്‍ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ പിഴ ഈടാക്കിയതായി പരാതി. നിയമലംഘനം നടത്തിയെന്ന് ആരോപിച്ചാണ് പോലീസ് പിഴ ചുമത്തിയതെന്ന് ദമ്പതികള്‍ പറയുന്നു.
രാത്രി സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ദമ്പതികള്‍. വീടിന് അടുത്തുള്ള റോഡില്‍ വെച്ചാണ് ഇവരെ പോലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. രാത്രി പതിനൊന്നിനു ശേഷം പുറത്തിങ്ങാന്‍ അനുവാദമില്ലെന്നായിരുന്നു പോലീസിന്റെ വാദം. പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ മോശം അനുഭവത്തെ കുറിച്ച് കാര്‍ത്തി പത്രി എന്നയാളാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
തങ്ങള്‍ക്കുണ്ടായ ദുരനുഭവത്തില്‍ നടപടിയെടുക്കണമെന്ന് ഇദ്ദേഹം ബംഗളുരു സിറ്റി കമ്മീഷണറോട് ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തില്‍ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പിഗെഹള്ളി പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളിനേയും ഹെഡ് കോണ്‍സ്റ്റബിളിനേയും സസ്‌പെന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
സുഹൃത്തിന്റെ പിറന്നാള്‍ പാര്‍ട്ടി കഴിഞ്ഞ് രാത്രി 12.30ന് തൊട്ടടുത്തുള്ള തങ്ങളുടെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു ഇവര്‍. ഫ്‌ലാറ്റിന്റെ ഗേറ്റിന് മീറ്ററുകള്‍ അകലെയുള്ളപ്പോഴാണ് പോലീസ് പട്രോള്‍ വാന്‍ എത്തുന്നത്. വാഹനത്തില്‍ നിന്ന് പോലീസ് യൂണിഫോം ധരിച്ച രണ്ട് പേര്‍ പുറത്തിറങ്ങി തങ്ങളോട് ഐഡി കാര്‍ഡ് ആവശ്യപ്പെട്ടു.
ആധാര്‍ കാര്‍ഡ് കാണിച്ചു കൊടുത്തെങ്കിലും തങ്ങളുടെ ഫോണുകള്‍ വാങ്ങിക്കുകയും വ്യക്തിവിവരങ്ങള്‍ ചോദിക്കുകയും ചെയ്തു. സാധാരണ ദിവസം റോഡിലൂടെ നടക്കുന്ന രണ്ട് പേരോട് ഇത്രയും കാര്യങ്ങള്‍ ചോദിച്ചതില്‍ തങ്ങള്‍ ഞെട്ടിപ്പോയെന്ന് കാര്‍ത്തി ട്വീറ്റില്‍ പറയുന്നു.
എങ്കിലും പോലീസിന്റെ ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായ മറുപടി നല്‍കി. ഇതിനു ശേഷം ഉദ്യോഗസ്ഥരില്‍ ഒരാള്‍ ചലാന്‍ ബുക്ക് എടുത്ത് തങ്ങളുടെ പേരും ആധാര്‍ നമ്പറും രേഖപ്പെടുത്തുന്നത് കണ്ടപ്പോള്‍ ഇതെന്തിനാണെന്ന് ചോദിച്ചു. രാത്രി 11 മണിക്കു ശേഷം ഇങ്ങനെ കറങ്ങി നടക്കാന്‍ അനുവാദമില്ലെന്നായിരുന്നു ഉദ്യോഗസ്ഥരില്‍ ഒരാളുടെ മറുപടി.
ഇങ്ങനെയൊരു നിയമം ഉണ്ടെന്ന് സംശയം തോന്നിയെങ്കിലും വിട്ടയക്കണമെന്ന് പോലീസിനോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ തങ്ങളെ വിടാന്‍ പോലീസുകാര്‍ക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. 3000 രൂപയാണ് പിഴയായി ആവശ്യപ്പെട്ടത്. തുടര്‍ന്ന് പേടിഎം വഴി 1000 രൂപ വാങ്ങിയെടുത്തുവെന്നും ട്വീറ്റില്‍ വ്യക്തമാക്കുന്നു.
I would like to share a traumatic incident my wife and I encountered the night before. It was around 12:30 midnight. My wife and I were walking back home after attending a friend’s cake-cutting ceremony (We live in a society behind Manyata Tech park). (1/15)
— Karthik Patri (@Karthik_Patri) December 9, 2022