മംഗളൂരു: സുഹൃത്തിനൊപ്പം സിനിമാ തിയറ്ററിലെത്തിയ യുവാവിനു നേരെ സദാചാര ഗുണ്ടാ ആക്രമണം. മംഗളൂരുവിലെ സുള്ളിയയില്‍ വ്യാഴാഴ്ച ആയിരുന്നു സംഭവം. ഇരുപതു വയസ്സുകാരനായ മുഹമ്മദ് ഇംതിയാസ് എന്ന യുവിനാണ് തീയേറ്റര്‍ പരിസരത്ത് വെച്ച് മര്‍ദ്ദനവും ഭീഷണിയും ഏല്‍ക്കേണ്ടി വന്നത്.
യുവാവ് ഇമെയില്‍ വഴി പരാതി നല്‍കുകായിരുന്നു എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. സുള്ളിയയിലെ സന്തോഷ് തിയറ്ററില്‍ ‘കാന്താര’ സിനിമ കാണാനെത്തിയതായിരുന്നു ഇംതിയാസും 18 വയസ്സുള്ള പെണ്‍കുട്ടിയും.
ഇരുവരും രാവിലെ 11നുള്ള ഷോയ്ക്കായി എത്തിയതായിരുന്നു. 10.20ന് തിയറ്ററിലെത്തിയ ഇരുവരും തിയറ്ററിലെ പാര്‍ക്കിങ് പരിസരത്ത് സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഇതുകണ്ട ഒരു സംഘം ആളുകള്‍ ഇംതിയാസിന്റെ അരികില്‍ എത്തി ചോദ്യംചെയ്യുകയും ഭീഷണിപ്പെടുത്തുകയും ആയിരുന്നു.
യുവാവിനെ മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ തിയറ്റര്‍ പരിസരത്തുണ്ടായിരുന്നവര്‍ ഓടിക്കൂടിയെത്തുകയായിരുന്നു. ഇതോടെയാണ് അക്രമിസംഘം മര്‍ദനം അവസാനിപ്പിച്ചത്. ഇംതിയാസിന്റെ പരാതിയില്‍ സുള്ളിയ പോലീസ് കേസെടുത്തു.