ബന്ധുവിന്റെ ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായി; 13കാരിയുടെ 25 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുമതി

ന്യൂഡല്‍ഹി: അടുത്ത ബന്ധുവിന്റെ ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ 13കാരിക്ക് 25 ആഴ്ച പ്രായമായ ഗര്‍ഭം അലസിപ്പിക്കാന്‍ ഹൈക്കോടതി അനുമതി. ഉത്തരാഖണ്ഡ് ഹൈക്കോടതിയാണ് 13 കാരിയായ ബലാത്സംഗ ഇരക്ക് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയത്. ജസ്റ്റിസ് സഞ്ജയ് കുമാര്‍ മിശ്രയുടെതാണ് വിധി.

പെണ്‍കുട്ടി സമൂഹത്തില്‍ നിന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ പോലെ തന്നെ ജനിക്കാന്‍ പോകുന്ന കുഞ്ഞും ഇതേ പ്രശ്‌നം നേരിടും. കുഞ്ഞ് ജനിച്ചാലും സമൂഹത്തിന് ആവശ്യമില്ലാത്ത കുഞ്ഞായി തുടരേണ്ട സ്ഥിതിയാണ് ഉണ്ടാവുകയെന്നും കോടതി നിരീക്ഷിച്ചു.

പെണ്‍കുട്ടിയുടെ അബോര്‍ഷന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ നല്‍കിയതോടെ ഹൈക്കോടതിയും അനുമതി നല്‍കുകയായിരുന്നു. കൂടുതല്‍ വൈകിപ്പിക്കാതെ എത്രയും പെട്ടെന്ന് ഗര്‍ഭഛിദ്രം നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടി പിതാവിന്റെ സഹായത്തോടെയാണ് ഗര്‍ഭഛിദ്രത്തിന് അനുമതി തേടി ഹര്‍ജി ഫയല്‍ ചെയ്തത്.

also read- 150ഓളം സീറ്റുകള്‍! ചരിത്ര വിജയം നേടി ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; വോട്ട് ചോര്‍ത്തി ആപ്പിന് മുന്നേറ്റം

അടുത്ത ബന്ധുവിന്റെ ബലത്സംഗത്തിന് ഇരയായാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ല, ഈ ഗര്‍ഭം പെണ്‍കുട്ടിക്ക് അപകീര്‍ത്തിയുണ്ടാക്കുന്നെന്നും കോടതി നിരീക്ഷിച്ചു. കുട്ടിയുടെ ശാരീരിക- മാനസിക വളര്‍ച്ചയെ ഈ ഗര്‍ഭം തടസപ്പെടുത്തുന്നു. അവളുടെ വിദ്യാഭ്യാസ ഭാവിക്കും ഗര്‍ഭം തടസമാകുമെന്നും കണ്ടാണ് ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയതെന്ന് കോടതി വ്യക്തമാക്കി.

Exit mobile version