പട്‌ന: വ്യത്യസ്ത മതവിശ്വാസങ്ങള്‍ പിന്തുടരുന്ന സഹോദരങ്ങള്‍ തമ്മില്‍ അമ്മയുടെ അന്ത്യകര്‍മ്മത്തെ ചൊല്ലി തര്‍ക്കം. ബീഹാറിലെ പട്‌നയിലാണ് സംഭവം. രേഖാ ദേവി എന്ന റയ്ഖ ഖത്തൂണ്‍ ആണ് ചൊവ്വാഴ്ച മരിച്ചത്. ഒരു മകന്‍ അമ്മയെ അടക്കണം എന്ന് ആഗ്രഹിച്ചപ്പോള്‍ മറ്റൊരു മകന്‍ അമ്മയെ ദഹിപ്പിക്കണം എന്നാണ് ആഗ്രഹിച്ചത്. മക്കളില്‍ ഒരാള്‍ ഹിന്ദു വിശ്വാസിയും രണ്ടാമത്തെയാള്‍ മുസ്ലീം വിശ്വാസിയും ആയതോടെയാണ് പ്രശ്‌നമായത്.
എന്നാല്‍, പോലീസ് കൃത്യസമയത്ത് ഇടപെടുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. ഒടുവില്‍ സ്ത്രീയുടെ മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പോലീസ് പറയുന്നത് പ്രകാരം റയ്ഖ ഖത്തൂണ്‍ എന്ന സ്ത്രീ ആദ്യം വിവാഹം കഴിച്ചത് ഒരു മുസ്ലിമിനെ ആയിരുന്നു. എന്നാല്‍ 45 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ഭര്‍ത്താവ് മരിച്ചു. ശേഷം അവര്‍ ജങ്കിദിഹ് ഗ്രാമത്തില്‍ നിന്നും ഉള്ള രാജേന്ദ്ര ഝാ എന്നയാളെ വിവാഹം കഴിച്ചു. അവര്ഡ രേഖാ ദേവിയായി.
രണ്ടാം വിവാഹത്തിന് ശേഷം ആദ്യ വിവാഹത്തിലുണ്ടായ മകന്‍ എംഡി മൊഹ്ഫില്‍ ഇവര്‍ക്കൊപ്പം താമസം ആരംഭിച്ചു. പിന്നീട്, രണ്ടാമത്തെ ഭര്‍ത്താവില്‍ ഇവര്‍ക്ക് ബബ്ലൂ ഝാ എന്നൊരു മകന്‍ കൂടി ഉണ്ടായി. എന്നാല്‍, കുടുംബത്തില്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായില്ല. എല്ലാവരും ഒരുമിച്ച് ഒരേ വീട്ടില്‍ തന്നെ സ്‌നേഹത്തോടെയാണ് കഴിഞ്ഞിരുന്നത്.
സഹോദരങ്ങളില്‍ ഒരാള്‍ പള്ളിയില്‍ പോയപ്പോള്‍ മറ്റൊരാള്‍ അമ്പലത്തില്‍ പോയി. 10 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവരുടെ രണ്ടാമത്തെ ഭര്‍ത്താവും മരിച്ചു. പിന്നീട് രണ്ട് ആണ്‍മക്കള്‍ക്കും ഒപ്പമായിരുന്നു ഇവര്‍ കഴിഞ്ഞിരുന്നത്.