ന്യൂഡൽഹി: 2024-ലെ പൊതുതിരഞ്ഞെടുപ്പിന്റെ ദിശാസൂചകമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭാതിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ ഇന്ന്. രാവിലെ എട്ട് മണിയോടെ തുടങ്ങുന്ന വോട്ടെണ്ണലിന്റെ ഫലം ഉച്ചയോടെ പുറത്ത് വരും. ഭരണത്തുടർച്ച പ്രതീക്ഷിച്ച് ആവേശത്തിലാണ് ബിജെപി. ഗുജറാത്തിൽ എക്‌സിറ്റ് പോൾഫലങ്ങൾ ബിജെപിക്ക് വൻഭൂരിപക്ഷമാണ് പ്രവചിച്ചിരിക്കുന്നത്.
ഈ ഫലം പാർട്ടിക്ക് നൽകിയിരിക്കുന്ന ആത്മവിശ്വാസവും ചെറുതല്ല. അതേസമയം, കോൺഗ്രസ് തകർന്നടിയുമെന്നാണ് ഫലം. 16-51 എന്ന നിലയിലേയ്ക്ക് താഴുമെന്നാണ് പ്രവചനം. എന്നിരുന്നാലും കോൺഗ്രസും പ്രതീക്ഷ കൈവിടുന്നില്ല. അതേസമയം, ഹിമാചലിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്ന എക്സിറ്റ് പോൾ പ്രവചനം ഭരണകക്ഷിയായ ബി.ജെ.പി.യെയും മുഖ്യപ്രതിപക്ഷമായ കോൺഗ്രസിനെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്.
ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടി സ്ഥാപകൻ മുലായം സിങ് യാദവിന്റെ മരണത്തെത്തുടർന്ന് ഒഴിവു വന്ന മെയിൻപുരി ലോക് സഭാമണ്ഡലത്തിലും അഞ്ച് സംസ്ഥാനങ്ങളിലായി ആറ് നിയമസഭാമണ്ഡലങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലവും വ്യാഴാഴ്ച അറിയാം.