ന്യൂഡല്‍ഹി: സ്വകാര്യ പരസ്യ കമ്പനി ഉടമയായ 21കാരനെ ഹണിട്രാപ്പില്‍ കുടുക്കി 80 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യൂട്യൂബ് വ്‌ലോഗറായ യുവതി അറസ്റ്റില്‍. ഡല്‍ഹി സ്വദേശിനിയായ നമ്ര ഖാദിറിനെ (22) ആണ് ഗുരുഗ്രാം പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നമ്രയുടെ ഭര്‍ത്താവും യൂട്യൂബറുമായ മനീഷ് എന്നറിയപ്പെടുന്ന വിരാട് ബെനിവാലിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ഇന്‍സ്റ്റഗ്രാമില്‍ രണ്ടു ലക്ഷത്തിലധികവും യൂട്യൂബില്‍ ആറു ലക്ഷത്തിലധികവും ഫോളോവേഴ്‌സുള്ള വ്‌ലോഗറാണ് നമ്ര ഖാദിര്‍. ബാദ്ഷാപുര്‍ സ്വദേശിയായ ദിനേഷ് യാദവ് (21) എന്ന യുവാവാണ് ഓഗസ്റ്റില്‍ ദമ്പതികള്‍ക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഇവര്‍ കോടതിയെ സമീപിച്ചു.
കഴിഞ്ഞ മാസം 26ന് കോടതി ഇടക്കാല ജാമ്യം റദ്ദാക്കിയതിനു പിന്നാലെയാണ് പോലീസ് നമ്രയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഒളിവില്‍ പോയ മനീഷിനെ പിടികൂടാന്‍ സാധിച്ചില്ല. നമ്ര കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പരസ്യ സ്ഥാപനം നടത്തുന്ന തന്നെ ഒരു ഹോട്ടലില്‍ വച്ചാണ് നമ്രയും ഭര്‍ത്താവും പരിചയപ്പെടുന്നതെന്ന് ദിനേഷ് യാദവ് പരാതിയില്‍ പറയുന്നു. യൂട്യൂബ് വിഡിയോകള്‍ കണ്ട് ഇരുവരെയും നേരത്തെ അറിയാമായിരുന്നു. ഇവരുടെ ചാനല്‍ വഴി തന്റെ സ്ഥാപനം പ്രമോട്ട് ചെയ്യുന്നതിന് രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടു.
സെലിബ്രറ്റികളായതിനാല്‍ സംശയം തോന്നാതിരുന്നതിനെ തുടര്‍ന്ന് അന്നുതന്നെ പണം കൈമാറി. പിന്നീട് ചില പരസ്യങ്ങള്‍ ചെയ്യുന്നതിന് 50,000 രൂപ ചോദിക്കുകയും അത് നല്‍കുകയും ചെയ്തു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം നമ്ര തന്നോട് ഇഷ്ടം പ്രകടിപ്പിക്കുകയും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
പിന്നീട് ഇരുവരും അടുത്ത സുഹൃത്തുക്കളായി. ”ഓഗസ്റ്റില്‍ ഞാന്‍ നമ്രയ്ക്കും മനീഷിനുമൊപ്പം ഒരു ക്ലബ്ബില്‍ പാര്‍ട്ടിക്ക് പോയി. അമിതമായി മദ്യപിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. രാത്രി ഏറെ വൈകി ഞങ്ങള്‍ അവിടെ ഒരു മുറി ബുക്ക് ചെയ്തു. പിറ്റേന്ന് രാവിലെ ഞാന്‍ ഉണര്‍ന്നപ്പോള്‍ നമ്ര എന്റെ ബാങ്ക് കാര്‍ഡും സ്മാര്‍ട്ട് വാച്ചും പിടിച്ചു വാങ്ങി. നഗ്‌നദൃശ്യങ്ങള്‍ കാണിച്ച്, എന്നെ ബലാത്സംഗ കേസില്‍ കുടുക്കുമെന്ന് അവള്‍ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.
ഇതിനുശേഷം 80 ലക്ഷത്തിലധികം രൂപയും സമ്മാന സാമഗ്രികളും നമ്ര തട്ടിയെടുത്തതായും ദിനേഷ് ആരോപിച്ചു. തന്റെ അക്കൗണ്ടിലെ പണം തീര്‍ന്നപ്പോള്‍ അഞ്ച് ലക്ഷം രൂപ പിതാവിന്റെ അക്കൗണ്ടില്‍നിന്നും നല്‍കി. ഇതിനു പിന്നാലെ പിതാവിന്റെ നിര്‍ദേശപ്രകാരമാണ് പോലീസില്‍ പരാതിയില്‍ നല്‍കിയതെന്നും ദിനേഷ് പറഞ്ഞു.