അനന്തപുർ: വാഷിങ് മെഷീനിൽനിന്നുള്ള മലിനജലം പുറത്തേക്കൊഴുകിയതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവതിയെ കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തി. സംഭവത്തിൽ അയൽക്കാരനായ വെമ്മണ്ണ നായിക്ക്, മകൻ പ്രകാശ് നായിക്ക് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രപ്രദേശിലെ കാദിരി മസനംപേട്ട സ്വദേശി പത്മാവതി ഭായ് ആണ് മരിച്ചത്. 29 വയസായിരുന്നു.
ചൊവ്വാഴ്ച രാവിലെയാണ് പത്മാവതിയും അയൽക്കാരും തമ്മിൽ വഴക്കും കൈയ്യാങ്കളിയും നടന്നത്. പത്മാവതി, നർത്തകനായ ഭർത്താവ് രാജേഷിനും മൂന്നു കുട്ടികൾക്കും ഒപ്പമാണ് താമസം. ചൊവ്വാഴ്ച രാവിലെ പത്മാവതിയുടെ വാഷിങ്മെഷീനിൽനിന്നുള്ള മലിനജലം തന്റെ വീട്ടുവളപ്പിലേക്ക് ഒഴുകിയെത്തുന്നതായി ആരോപിച്ച് വെമ്മണ്ണ നായിക്ക് പ്രശ്നങ്ങളുണ്ടാക്കി.
തുടർന്ന് ഇയാളുടെ മകൻ പ്രകാശും പ്രശ്നത്തിൽ ഇടപെട്ടു. തർക്കം രൂക്ഷമായതോടെ പ്രതികളായ രണ്ടുപേരും പത്മാവതിയെ കല്ല് കൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ, അടിയേറ്റ് ബോധരഹിതയായ യുവതിയെ ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതിനാൽ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിച്ചു. തുടർന്നുള്ള യാത്രയിൽ യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.