ഹൈദരാബാദ്: പ്രണയസാഫല്യത്തിനായി ഏതറ്റവും വരെ പോകാന്‍ തയ്യാറുള്ളവരെ പറ്റിച്ച് പണം തട്ടിയെടുക്കുന്ന പ്രണയജ്യോതിഷി പോലീസ് പിടിയില്‍. പ്രണയ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് വാക്ക് നല്‍കി യുവതിയെ പറ്റിച്ച് 47 ലക്ഷം രൂപ കവര്‍ന്നയാളെയാണ് പോലീസ് പിടികൂടിയത്. ഹൈദരാബാദ് സ്വദേശിനിയായ യുവതിയില്‍ നിന്നാണ് പഞ്ചാബ് സ്വദേശിയായ ലളിത് എന്ന വ്യാജ ജ്യോതിഷി പണം തട്ടിയെടുത്തത്. മുമ്പും ഇയാള്‍ നിരവധിയാളുകളെ കബളിപ്പിച്ചിട്ടുണ്ടെന്നും എന്നാല്‍ ആദ്യമായാണ് പരാതി ലഭിക്കുന്നതെന്നും പോലീസ് പറഞ്ഞു.
ഹൈദരാബാദ് സൈബര്‍ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. നവംബര്‍ 19 നാണ് ഇന്‍സ്റ്റാഗ്രാം വഴി യുവതിയെ പരിചയപ്പെട്ടത്. ഇന്‍സ്റ്റഗ്രാമില്‍ ‘ആസ്ട്രോ ഗോപാല്‍’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ പ്രണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചു നല്‍കുമെന്ന് പ്രൊഫൈലിലില്‍ എഴുതിയിരുന്നു.
ഇയാളുടെ അക്കൗണ്ട് കണ്ട യുവതിയാണ് ഇയാളെ ഫോണില്‍ ബന്ധപ്പെട്ടത്. തന്റെ പ്രണയബന്ധത്തില്‍ പ്രശ്‌നമുണ്ടെന്നും പരിഹരിക്കണമെന്നും യുവതി ഇയാളോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ ജ്യോതിഷത്തിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്ന് ഇയാള്‍ ഉറപ്പ് നല്‍കി. ആദ്യ ഘട്ടത്തില്‍ ഇയാള്‍ ഇതിനായി 32,000 രൂപ ഈടാക്കി. പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താനെന്ന് പറഞ്ഞ് 47.11 ലക്ഷം രൂപയും വാങ്ങി. എന്നാല്‍ ഇയാള്‍ കബളിപ്പിക്കുകയാണ് എന്ന് വ്യക്തമായതോടെയാണ് യുവതി പോലീസില്‍ പരാതിപ്പെട്ടത്.
also read- സിനിമയിലെ വിജയ്ക്ക് 30 വയസ്! നവജാത ശിശുക്കള്‍ക്ക് സ്വര്‍ണ മോതിരം സമ്മാനിച്ച് ആഘോഷങ്ങള്‍
ഐടി ആക്ടിലെ സെക്ഷന്‍ 66 സി, ഡി, ഇന്ത്യന്‍ പീനല്‍ കോഡിന്റെ 419, 420 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പ്രണയ ജോത്സ്യനാണെന്ന് അവകാശപ്പെട്ട് വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഇയാള്‍ പരസ്യം നല്‍കിയിരുന്നു.