ലഖ്നൗ: മൊബൈൽ ഗെയിം ആസക്തിയെ തുടർന്ന് നിരവധി ആത്മഹത്യകളും നാടുവിടലും വാർത്തകളിൽ നിറയാറുണ്ട്. എന്നാൽ മഹാഭാരതത്തിൽ പാണ്ഡവർ ദ്രൗപതിയെ പണയപ്പെടുത്തിയ കഥ പോലെ സ്വന്തമായി പണയപ്പെടുത്തി കളിച്ച യുവതിയുടെ ജീവിതത്തിൽ നടന്നതാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഉത്തർപ്രദേശിലാണ് ഏവരെയും ഞെട്ടിക്കുന്ന ലുഡോ കളി നടന്നത്.
ലുഡോ ഗെയിമിന് അടിമപ്പെട്ടുപോയ യുവതി പണമെല്ലാം തീർന്നതോടെയാണ് സ്വന്തമായി പണയം വെച്ച് കളിച്ചത്. പ്രതാപ്ഗഡിലെ ദേവ്കാലിയിലെ വാടക വീട്ടിലാണ് താമസം. രാജസ്ഥാനിലെ ജയ്പൂരിൽ ജോലി ചെയ്യുന്ന ഭർത്താവ് അയക്കുന്ന പണം എടുത്താണ് യുവതി നിരന്തരം ലുഡോ ഗെയിം കളിച്ചിരുന്നത്. വീട്ടുടമസ്ഥനൊപ്പമായിരുന്നു കളിച്ചിരുന്നത്.
എന്നാൽ പണം മുഴുവൻ തീർന്നതോടെ യുവതി ആശങ്കയിലായി. ഒടുവിൽ യുവതി സ്വയം പണയപ്പെടുത്തി കളിക്കുകയായിരുന്നു. ഈ കളിയിലും വീട്ടുടമസ്ഥൻ ജയിച്ചതോടെ യുവതിക്ക് അയാൾക്കൊപ്പം ജീവിക്കേണ്ട അവസ്ഥ വന്ന് എത്തിയിരിക്കുകയാണ്. രക്ഷപ്പെടാൻ മറ്റ് വഴികൾ ഇല്ലാതെ വന്നതോടെ യുവതി ഭർത്താവിനെ വിളിച്ച് സംഭവം അറിയിച്ചു.
ശേഷം, ഭർത്താവ് പ്രതാപ്ഗഢിൽ എത്തി പോലീസിൽ പരാതി നൽകി. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. യുവതി ഇപ്പോൾ വീട്ടുടമയ്ക്കൊപ്പം താമസം തുടങ്ങിയെന്നാണ് ഭർത്താവ് പരാതിയിൽ പറയുന്നത്. ഇയാളുമായി ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
Discussion about this post