ചെന്നൈ: പവിത്രമായ അന്തരീക്ഷം നിലനിർത്തുന്നതിനായി തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ച് മദ്രാസ് ഹൈക്കോടതി. മൊബൈൽ ഫോൺ വിലക്കിയ ഗുരുവായൂർ ക്ഷേത്ര മാതൃക ഉൾപ്പെടെ ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയുടെ പുതിയ നിർദേശം. ക്ഷേത്രങ്ങളുടെ ശുദ്ധിയും ദൈവികതയും ആത്മീയതയും കാത്തുസൂക്ഷിക്കാനായി ഫോണുകളും ക്യാമറകളും നിയന്ത്രിക്കണമെന്നാണ് നിർദേശം.
ജസ്റ്റിസുമാരായ ആർ.മഹാദേവൻ, ജെ.സത്യനാരായണ പ്രസാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. തിരുച്ചെന്തൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് തടയാണമെന്നാവശ്യപ്പെട്ടു തിരുച്ചെന്തൂർ സ്വദേശി എം.സീതാരാമൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ഉത്തരവ്.
ഗുരുവായൂർ ക്ഷേത്രം ഇതിനൊരു മികച്ച മാതൃക കൂടിയാണെന്നാണ് വിലയിരുത്തൽ. നിലവിൽ, മൊബൈൽ ഫോണിനു കർശന നിരോധനമാണു ഗുരുവായൂർ ക്ഷേത്രത്തിൽ. സ്മാർട് വാച്ചുകൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ക്യാമറയും അനുവദിക്കുന്നില്ല. ദേവസ്വം അധികൃതർക്കും ക്ഷേത്രത്തിലെ മറ്റു ജീവനക്കാർക്കും ഇക്കാര്യത്തിൽ ഇളവില്ലെന്നതാണ് ശ്രദ്ധേയം.