ബറെയ്ലി: സുഹൃത്തുക്കളും ബന്ധുക്കളുമടക്കം ക്ഷണിക്കപ്പെട്ട 300ല്‍പരം അതിഥികള്‍ക്ക് മുന്നില്‍ വെച്ച് അപ്രതീക്ഷിതമായി വധുവിനെ ചുംബിച്ച് വരന്‍. സംഭവത്തിന് പിന്നാലെ വിവാഹത്തില്‍ നിന്നും പിന്മാറി വധു വേദിയില്‍ നിന്നും ഇറങ്ങി പോവുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രിയില്‍ നടന്ന വിവാഹ ചടങ്ങിനിടെയാണ് സംഭവം. വിവാഹ ചടങ്ങിനിടെ ഇരുവരും പരസ്പരം മാല ചാര്‍ത്തുന്നതിനിടെയാണ് വധുവിനു വരന്‍ അപ്രതീക്ഷിതമായി ചുംബനം നല്‍കിയത്. ഇതേത്തുടര്‍ന്ന് വധു വേദിയില്‍നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. യുപിയിലെ സംഭാലില്‍ ആണ് സംഭവമുണ്ടായത്.
തുടര്‍ന്ന് വിവാഹം റദ്ദായതോടെ ബന്ധുക്കള്‍ പോലീസിനെ വിളിക്കുകയും ചെയ്തു. സുഹൃത്തുക്കളുമായി പന്തയം വച്ചാണ് വരന്‍ ചുംബിച്ചതെന്ന് വധുവായ പെണ്‍കുട്ടി(23) പറഞ്ഞു. വരന്റെ (26) സ്വഭാവത്തെക്കുറിച്ചു തനിക്ക് സംശയം ഉണ്ടെന്നും ഇവര്‍ പറയുന്നുണ്ട്. അതേസമയം, പോലീസ് ഇടപെട്ട് ഒത്തുതീര്‍പ്പിനു ശ്രമിച്ചെങ്കിലും വധു വഴങ്ങിയില്ല. ഇതേത്തുടര്‍ന്ന് വിവാഹം റദ്ദാക്കിയിരിക്കുകയാണ്.
എന്നാല്‍, ആചാരപരമായി വിവാഹം കഴിഞ്ഞെന്നും പക്ഷെ, വധു വരനെ ഉപേക്ഷിച്ചതായാണ് കണക്കാക്കുന്നതെന്നും പോലീസ് പറഞ്ഞു. കാര്യങ്ങള്‍ ശാന്തമായി കുറച്ചു ദിവസങ്ങള്‍ക്കുശേഷം തീരുമാനം എടുക്കുമെന്നും പോലീസ് വ്യക്തമാക്കി.
എല്ലാവരുടെയും മുന്‍പില്‍ നാണംകെട്ടു. ഇത്രയും അതിഥികളുടെ മുന്നില്‍ എന്റെ സ്വാഭിമാനത്തെ പരിഗണിക്കാത്ത, മോശമായി പെരുമാറിയ ആള്‍ ഭാവിയില്‍ എങ്ങനെയാകും പെരുമാറുക? എന്റെ ശരീരത്തില്‍ അപമര്യാദയായി സ്പര്‍ശിച്ച് മോശമായി പെരുമാറിയിരുന്നു. പിന്നീടാണ് അപ്രതീക്ഷിതമായി ചുംബിച്ചത്. താന്‍ ഞെട്ടിപ്പോയി. അയാള്‍ക്കൊപ്പം ജീവിക്കില്ലെന്നു ഞാന്‍ തീരുമാനം എടുത്തുവെന്നാണ് വധു പറയുന്നത്.
സുഹൃത്തുക്കളുടെ നിര്‍ബന്ദം കാരണമാണ് വരന്‍ അങ്ങനെ ചെയ്തത്. എന്റെ മകള്‍ക്ക് ഇപ്പോള്‍ അയാള്‍ക്കൊപ്പം ജീവിക്കേണ്ടെന്നാണ് അഭിപ്രായം. കുറച്ചുദിവസം അവള്‍ക്കു ചിന്തിക്കാന്‍ സമയം നല്‍കിയശേഷം തീരുമാനം എടുക്കുമെന്ന് വധുവിന്റെ ബന്ധുക്കള്‍ പറഞ്ഞു.