ഭീമ കൊറെഗാവ് വാര്‍ഷിക ദിനാഘോഷം: പ്രകാശ് അംബേദ്കര്‍ ജയസ്തംഭം സന്ദര്‍ശിച്ചു

1818ല്‍ ബ്രിട്ടീഷുകാരും ഒരു പേഷ്വ നാടുവാഴിയും തമ്മില്‍ നടന്ന യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ വിജയം കണ്ടതിന്റെ സ്മാരകമാണ് ഭീമ കൊറെഗാവ് വിജയസ്തംഭം

ഭീമ കൊറെഗാവിലെ യുദ്ധവിജയ സ്മാരകത്തിലേക്ക് സന്ദര്‍ശകര്‍ എത്തിത്തുടങ്ങി. പൂനെയില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള കൊറെഗാവ് ഭീമ ഗ്രാമത്തിലെ ഈ ദളിത് യുദ്ധസ്മാരകം കഴിഞ്ഞ വര്‍ഷത്തിലെ വാര്‍ഷിക ദിനത്തില്‍ നടന്ന അക്രമ സംഭവങ്ങളോടെ ദേശീയ ശ്രദ്ധയിലെത്തിയിരുന്നു. 1818ല്‍ ബ്രിട്ടീഷുകാരും ഒരു പേഷ്വ നാടുവാഴിയും തമ്മില്‍ നടന്ന യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ വിജയം കണ്ടതിന്റെ സ്മാരകമാണ് ഭീമ കൊറെഗാവ് വിജയസ്തംഭം.

ഈ വിജയസ്തംഭത്തിലേക്ക് വര്‍ഷാവര്‍ഷം ദളിത് വിഭാഗങ്ങള്‍ നടത്തുന്ന സന്ദര്‍ശനത്തിനെതിരെ മറാത്ത വിഭാഗക്കാര്‍ ആക്രമണമഴിച്ചു വിടുകയായിരുന്നു. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടതോടെ സംസ്ഥാന വ്യാപകമായി ദളിതരും മറാത്തകളും തമ്മില്‍ സംഘര്‍ഷങ്ങളുണ്ടായി. ഇതിന്റെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ സംവിധാനങ്ങളാണ് പ്രദേശത്ത് ഇത്തവണ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്ന് മേഖലയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാകില്ല. ഹിന്ദുത്വ തീവ്രവാദി നേതാവായ മിലിന്ദ് എക്‌ബോട്ടെക്ക് സ്ഥലത്തേക്കുള്ള പ്രവേശനം നിഷേധിച്ചിട്ടുണ്ട് പൊലീസ്. കബിര്‍ കലാ മഞ്ചിന്റെ പ്രവര്‍ത്തകര്‍ക്കും പ്രവേശനമില്ല. 201ാം വാര്‍ഷികമാണ് ഇത്തവണ ആചരിക്കുന്നത്.

ഭാരിപ ബഹുജന്‍ മനഹാസംഘ് നേതാവ് പ്രകാശ് അംബേദ്കര്‍ വിജയസ്തംഭം സന്ദര്‍ശിച്ചു.

Exit mobile version