ന്യൂഡല്‍ഹി: 20 സെക്കന്‍ഡ് കൊണ്ട് ജ്വല്ലറിയില്‍ നിന്നും 10 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാല മോഷ്ടിച്ച് വയോധിക. 10 ലക്ഷം രൂപയുടെ സ്വര്‍ണ്ണമാലയാണ് ഇവര്‍ മോഷ്ടിച്ചത്.
ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബല്‍ദേവ് പ്ലാസയിലെ ബെച്ചു ലാല്‍ സരഫ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് ഞെട്ടിപ്പിക്കുന്ന മോഷണം നടന്നത്. മോഷ്ടാവിനെ പിടികൂടാനായില്ല. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
നവംബര്‍ 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വര്‍ണം വാങ്ങാനെന്ന വ്യാജേന എത്തിയ വയോധികയാണ് മോഷണം നടത്തിയത്. ജ്വലറിയില്‍ ഇരുന്ന് ഒരോ മാലകളും അവര്‍ എടുത്ത് നോക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് ആരും കാണാതെ ഒരു മാല സാരിയില്‍ ഒളിപ്പിക്കുന്നു. മറ്റുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ വീണ്ടും ഒരോ മാലകളും നോക്കുകയും ജീവനക്കാരോട് സംശയം ചോദിക്കുകയും ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്.
ശേഷം ഒന്നും വേണ്ട എന്ന മട്ടില്‍ അവിടെ നിന്നും വേഗത്തില്‍ പുറത്തേക്ക് പോകുന്നു. പിന്നാലെയാണ് മോഷണ വിവരം ജീവനക്കാര്‍ അറിയുന്നത്. സിസിടിവി പരിശോധിച്ചതില്‍ നിന്ന് മോഷ്ടാവിനെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് സ്ഥാപന ഉടമ പോലീസില്‍ പരാതി നല്‍കി. മോഷ്ടാവിനായുള്ള അന്വേഷണം തുടങ്ങിയിട്ടുണ്ട്.