രാഹുല്‍ ഗാന്ധിയെ കാണാന്‍ ജനങ്ങള്‍ ഇരച്ചുകയറി; ഭാരത് ജോഡോ യാത്രയിലെ തിരക്കില്‍പ്പെട്ട് കെസി വേണുഗോപാലിന് പരിക്ക്

കൈയ്ക്കും കാല്‍മുട്ടിനും പരുക്കേറ്റ അദ്ദേഹത്തിന് യാത്രാ ക്യാംപില്‍ പ്രാഥമിക ചികിത്സ നല്‍കി. ശേഷം വീണ്ടും യാത്രയില്‍ പങ്കാളിയായി.

kc-venugopal

ഭോപാല്‍: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് പരുക്കേറ്റു. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം.

അനിയന്ത്രിതമായ തിരക്കില്‍പ്പെട്ട് കെസി വേണുഗോപാല്‍ നിലത്ത് വീഴുകയായിരുന്നു. കൈയ്ക്കും കാല്‍മുട്ടിനും പരുക്കേറ്റ അദ്ദേഹത്തിന് യാത്രാ ക്യാംപില്‍ പ്രാഥമിക ചികിത്സ നല്‍കി. ശേഷം വീണ്ടും യാത്രയില്‍ പങ്കാളിയായി.

also read: ചരിത്ര നേട്ടം; രാജ്യാന്തര ട്വന്റി-20യില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമായി തൃശൂര്‍ സ്വദേശി

രാഹുല്‍ ഗാന്ധിയെ കാണാന്‍ ഇരച്ചുകയറിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിനു കഴിയാതിരുന്നതാണ് തിക്കും തിരക്കും ഉണ്ടാകാന്‍ കാരണം. കഴിഞ്ഞ ദിവസമാണ് യാത്ര മധ്യപ്രദേശില്‍ പ്രവേശിച്ചത്. സംസ്ഥാനത്തെ യാത്രയില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പങ്കുചേര്‍ന്നിരുന്നു. യാത്ര വരും ദിവസങ്ങളില്‍ രാജസ്ഥാനില്‍ പ്രവേശിക്കും.

അതേസമയം, ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലെ മഹോയിലെത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ ബൈക്ക് റൈഡ് ഏറെ ശ്രദ്ധേയമായിരുന്നു. ഇരുവശങ്ങളിലും ആരവങ്ങളോടെ പ്രവര്‍ത്തകര്‍ അണിനിരക്കവേയാണ് ഹെല്‍മെറ്റും വെച്ച് നീല കാര്‍പ്പെറ്റിലൂടെയുള്ള രാഹുലിന്റെ ബൈക്ക് റൈഡ്. രാഹുലിനെ നേരിട്ട് കാണാനും സംസാരിക്കുമായി പിന്തുടര്‍ന്ന രണ്ട് യുവാക്കളുടെ ബൈക്കിലാണ് അദ്ദേഹം സവാരി നടത്തിയത്.

Exit mobile version