ദുബായ്: ആറു കോടി രൂപ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച അക്രമിയെ ധീരതയോടെ നേരിട്ട് പിടികൂടിയ പ്രവാസി ഇന്ത്യന്‍ യുവാവിനെ ആദരിച്ച് ദുബായ് പോലീസ്. ജോലി സ്ഥലത്തെത്തിയാണ് കേശൂര്‍ കരു ഘേല എന്ന ഇന്ത്യന്‍ പ്രവാസി യുവാവിനെ ദുബായ് പോലീസ് ആദരിച്ചത്.
ദുബായിലെ ദെയ്റയിലാണ് ആറു കോടി രൂപ (ഏകദേശം 2.7 മില്യണ്‍ ദിര്‍ഹം) യുമായി കള്ളന്‍ കടന്നുകളയാന്‍ ശ്രമിച്ചത്. വിവിധ കറന്‍സികളിലായി ആകെ 4,250,000 ദിര്‍ഹം അടങ്ങുന്ന രണ്ട് ബാഗുകളുമായെത്തിയ രണ്ട് ഏഷ്യന്‍ വംശജരില്‍ നിന്ന് കവര്‍ന്ന പണവുമായാണ് അക്രമി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്.
എന്നാല്‍ തന്റെ അടുത്തേക്ക് ഓടിയെത്തിയ അക്രമിയെ കേശൂര്‍ ധീരതയോടെ നേരിടുകയും ബലപ്രയോഗത്തിലൂടെ തടഞ്ഞുവെക്കുകയായിരുന്നു. അതിനിടെ വിവരം അറിഞ്ഞെത്തിയ പോലീസ് സംഘം അക്രമിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ദുബായ് പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച കേശൂര്‍ കരു ഘേലയുടെ ജോലി സ്ഥലത്ത് എത്തി ആദരം കൈമാറുകയായിരുന്നു. നൈഫ് മേഖലയില്‍ 2.7 മില്യണ്‍ ദിര്‍ഹം (ഏകദേശം 6.6 കോടി രൂപ) വിലമതിക്കുന്ന കവര്‍ച്ചശ്രമം പരാജയപ്പെടുത്താന്‍ കേശൂരിന്റെ പെട്ടെന്നുള്ള ഇടപെടല്‍ സഹായിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്സ് അസിസ്റ്റന്റ് കമാന്‍ഡന്റ്-ഇന്‍-ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരിയുടെ നേതൃത്വത്തിലാണ് കേശൂരിനെ സന്ദര്‍ശിച്ച് അഭിനന്ദനം അറിയിച്ചത്. ഈ സംഘത്തില്‍ നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കേശൂരിനെ അദ്ദേഹത്തിന്റെ ജോലിസ്ഥലത്തും സഹപ്രവര്‍ത്തകര്‍ക്കും അയല്‍ക്കാര്‍ക്കുമിടയില്‍ ആദരിക്കുന്നത് മറ്റുള്ളവര്‍ക്ക് പ്രചോദനമാകുകയും, അവരില്‍ കവര്‍ച്ച സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സഹായിക്കുമെന്ന് മേജര്‍ ജനറല്‍ അല്‍ മന്‍സൂരി പറഞ്ഞു. രാജ്യത്തെ താമസക്കാരായ പ്രവാസികളുടെ ഉത്തരവാദിത്തബോധം ശക്തിപ്പെടുത്തുന്നതിനുള്ള ദുബായ് പോലീസിന്റെ പ്രതിബദ്ധതയെയാണ് ഈ സംഭവം പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.