ലഖ്‌നൗ: ഗുണനപ്പട്ടിക ചൊല്ലിക്കേൾപ്പിക്കാത്ത വിദ്യാർഥിയെ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് പരിക്കേൽപ്പിച്ചു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ആക്രമണത്തിന് ഇരയായത്. കാൺപുരിലെ സർക്കാർ പ്രൈമറി സ്‌കൂളിൽ വ്യാഴാഴ്ചയാണ് സംഭവം. ശിക്ഷാ നടപടി വൈറൽ ആയതോടെ അധ്യാപകൻ അനൂജ് പാണ്ഡെയെ സ്‌കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.
വെള്ളിയാഴ്ച കുട്ടിയുടെ മാതാപിതാക്കൾ സ്‌കൂളിന് പുറത്ത് പരസ്യമായി പ്രതിഷേധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രാഥമിക വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥൻ ഉടൻ തന്നെ സ്ഥലത്തെത്തുകയും സംഭവത്തിൽ അന്വേഷണം നടത്താൻ മൂന്നംഗസമിതിയെ നിയോഗിച്ചു. പിന്നാലെയാണ് നടപടി സ്വീകരിച്ചത്.
സ്‌കൂൾ ലൈബ്രറിയുമായി ബന്ധപ്പെട്ടുള്ള അറ്റകുറ്റപ്പണികൾക്ക് മേൽനോട്ടം നിർവഹിക്കാനായി അനൂജ് പാണ്ഡെയെ വിദ്യാഭ്യാസവകുപ്പ് പ്രത്യേകമായി നിയോഗിച്ചിരുന്നു. ലൈബ്രറിയിൽ നിൽക്കുന്നതിനിടെ അതുവഴി കടന്നുപോയ വിദ്യാർഥിയെ ഇയാൾ സമീപത്തേക്ക് വിളിക്കുകയും ഗുണിതപ്പട്ടിക ചൊല്ലാൻ ആവശ്യപ്പെടുകയുമായിരുന്നു.
കുട്ടിയ്ക്ക് പട്ടിക ചൊല്ലാൻ കഴിയാത്തതിനെ തുടർന്ന് ഇയാൾ പ്രവർത്തിച്ചുകൊണ്ടിരുന്ന ഡ്രില്ലിങ് മെഷീൻ എടുത്തു. അവിടെയുണ്ടായിരുന്ന മറ്റൊരു വിദ്യാർഥി മെഷീന്റെ പ്ലഗ് വലിച്ചൂരിയതാണ് വലിയൊരു അപകടം ഒഴിവായത്. എങ്കിലും കുട്ടിയുടെ കൈക്ക് സാരമായി പരിക്കേറ്റിരുന്നു.
കുട്ടിയെ പേടിപ്പിക്കാൻ വേണ്ടി അധ്യാപകൻ ഡ്രില്ലിങ് മെഷീൻ കയ്യിലെടുത്തതാണെന്നും എന്നാൽ അബദ്ധത്തിൽ സ്വിച്ച് അമർന്ന് മെഷീൻ പ്രവർത്തിക്കുകയുമായിരുന്നു എന്നുമാണ് ഇയാൾ നൽകുന്ന വിശദീകരണം. സംഭവത്തിന് ശേഷം അധ്യാപകർ ചേർന്ന് കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകി വീട്ടിലേക്കയച്ചു. വീട്ടിലെത്തി കുട്ടി മാതാപിതാക്കളോട് വിവരം പറയുകയും അടുത്ത ദിവസം അവർ സ്‌കൂളിലെത്തി പ്രതിഷേധം അറിയിക്കുകയുമായിരുന്നു.
Discussion about this post