മുംബൈ: വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകൾ സുന്ദരികളാണെന്ന വിവാദ പരാമർശവുമായി യോഗാചാര്യൻ ബാബാ രാംദേവ്. പൊതുവേദിയിൽ നടത്തിയ പരാമർശത്തിനെതിരെ നിരവധി പേർ പരസ്യമായി രംഗത്ത് വന്നു. പതഞ്ജലി യോഗ പീഠവും മുംബൈ മഹിളാ പതഞ്ജലി യോഗ സമിതിയും സംയുക്തമായി വെള്ളിയാഴ്ച താനെയിൽ സംഘടിപ്പിച്ച യോഗ സയൻസ് ക്യാമ്പിൽ സംസാരിക്കുകയായിരുന്നു രാംദേവ്.
സ്ത്രീകളുടെ പ്രത്യേകയോഗവും ക്യാമ്പിനൊപ്പം സംഘടിപ്പിച്ചിരുന്നു. ഈ വേദിയിൽ ആണ് വിവാദ പരാമർശം നടത്തിയത്. ‘സാരിയിൽ സ്ത്രീകൾ സുന്ദരികളാണ്, അമൃതാജിയെ പോലെ സൽവാറിലും അവർ സുന്ദരികളാണ്. എന്റെ അഭിപ്രായത്തിൽ ഒന്നും ധരിച്ചിട്ടില്ലെങ്കിലും സ്ത്രീകൾ സുന്ദരികളാണ്’, ബാബാ രാംദേവ് പറയുന്നു.
പരിപാടിയിൽ അതിഥിയായെത്തിയ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിൻറെ ഭാര്യ അമൃത ഫഡ്‌നാവിസിൻറെ സാന്നിധ്യത്തിലായിരുന്നു രാംദേവിൻറെ പരാമർശം.