എലിയ്ക്ക് പോലീസിനെ പേടിയില്ല! ‘581 കിലോ കഞ്ചാവ് എലി തിന്നെന്ന് യുപി പോലീസ് കോടതിയില്‍; എലി തിന്നതിന് തെളിവ് ഹാജരാക്കണമെന്ന് കോടതി

ആഗ്ര: പിടികൂടി സൂക്ഷിച്ച 500 കിലോയിലധികം കഞ്ചാവ് എലി തിന്നുവെന്ന് വിചിത്രവാദവുമായി ഉത്തര്‍പ്രദേശ് പോലീസ്. മഥുര ജില്ലയിലെ ഹൈവേ, ഷേര്‍ഗഢ് പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എലി തിന്നതെന്നാണ് യുപി പോലീസ് കോടതിയെ അറിയിച്ചത്.

1985 ലെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്റ്റ് (എന്‍ഡിപിഎസ്) അനുസരിച്ച് പിടികൂടിയ നിയമവിരുദ്ധ ഉല്‍പന്നങ്ങള്‍ ഹാജരാക്കാന്‍ ഈ വര്‍ഷം ആദ്യം കോടതി ആവശ്യപ്പെട്ടിരുന്നു.

ഏകദേശം 60 ലക്ഷം വിലവരുന്ന 581 കിലോഗ്രാം കഞ്ചാവാണ് പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരുന്നത്. എലി തിന്നു തീര്‍ത്തുവെന്ന വിശദീകരണം കേട്ട കോടതി. അത് വിലയ്ക്കെടുത്തില്ല. കഞ്ചാവ് എലി തിന്നുവെന്നതിന് തെളിവ് ഹാജരാക്കാന്‍ പോലീസുകാരോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

Read Also: കാല്‍നടയായി ഹജ്ജിന്: ഷിഹാബ് ചോറ്റൂരിന് പ്രവേശനാനുമതി നിഷേധിച്ച് ലാഹോര്‍ ഹൈക്കോടതി

പിടികൂടിയ നിയമവിരുദ്ധ വസ്തുക്കള്‍ എലി കേടുവരുത്തിയെന്നും പോലീസിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എലി ചെറുതാണെന്നും പോലീസിനെ പേടിയില്ലെന്നും ഉദ്യോഗസ്ഥര്‍ കോടതിയില്‍ പറഞ്ഞു. ഇതിന് തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ട് കേസ് നവംബര്‍ 26 ലേക്ക് മാറ്റിവെച്ചു.

2020 ലും ഷെര്‍ഗ് നാഥ് പോലീസ് സ്റ്റേഷനില്‍ സമാന സംഭവം ഉണ്ടായിട്ടുണ്ട്. മൂന്ന് പേര്‍ ട്രക്കിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 386 കിലോഗ്രാം കഞ്ചാവ് പോലീസ് പിടികൂടിയിരുന്നു. എന്നാല്‍ കേസ് കോടതിയിലെത്തിയപ്പോള്‍ കഞ്ചാവ് എലി തിന്നുവെന്നാണ് പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ പറഞ്ഞത്.

2018 ല്‍ ഉത്തര്‍പ്രദേശിലെ ബറേലിയില്‍ സ്റ്റേഷനില്‍ സൂക്ഷിച്ച 1000 ലിറ്ററിലധികം മദ്യം എലി കുടിച്ച് തീര്‍ത്തുവെന്ന് മുന്‍പ് പോലീസ് പറഞ്ഞിരുന്നു. 2021 ല്‍ കോട്വാലി പോലീസ് സ്റ്റേഷനില്‍ 35 ലക്ഷം രൂപ വിലവരുന്ന 1400 കാര്‍ട്ടണ്‍ മദ്യം എലി കുടിച്ച് തീര്‍ത്തുവെന്നായിരുന്നു പോലീസുകാരുടെ വാദം. എന്നാല്‍ ഇത് നിയമവിരുദ്ധമായി വില്‍ക്കുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

Exit mobile version