ഹൈദരാബാദ്: മദ്യപിച്ച് ലക്കുകെട്ട സ്ത്രീ കൈക്കുഞ്ഞിനെ മറ്റൊരുളുടെ കൈയ്യില്‍ ഏല്‍പ്പിച്ച് കടന്നുകളഞ്ഞു. തുടര്‍ന്ന് 2 മാസമായ കുഞ്ഞിനെ അഞ്ജാതന്‍ പോലീസില്‍ ഏല്‍പിച്ചു. പിന്നീട് അമ്മയെ കണ്ടുപിടിച്ച് കുഞ്ഞിനെ ഏല്‍പിച്ചു. ഇന്നലെ ഒസ്മാനിയ ആശുപത്രിയുടെ സമീപത്തായിരുന്നു സംഭവം.
കുഞ്ഞിനെ പിടിക്കാമോ ഉടനെ എത്താം എന്നു പറഞ്ഞായിരുന്നു യുവതി മടങ്ങിയത്. എന്നാല്‍ ഏറെ നേരം കാത്തിരുന്നിട്ടും ഇവര്‍ തിരിച്ചെത്തിയില്ല. കുഞ്ഞ് കരച്ചില്‍ തുടങ്ങിയതോടെ ഇയാള്‍ പരിഭ്രാന്തനായി. നിര്‍ത്താതെ കരയുന്ന കുഞ്ഞുമായി ഒടുവില്‍ ഇയാള്‍ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. വിശന്നിട്ടാകാം കുഞ്ഞ് കരയുന്നത് എന്ന് മനസ്സിലാക്കി ഇയാള്‍ കുഞ്ഞിന് പാല്‍ കൊടുക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഇയാള്‍ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരം അറിയിച്ച ശേഷം കുഞ്ഞിനെ അഫ്‌സല്‍ഗുഞ്ജ് പോലീസ് സ്റ്റേഷനിലെത്തിച്ചു.
രാത്രി പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ ഡ്യൂട്ടിയിലായിരുന്നത് കോണ്‍സ്റ്റബിള്‍ മാത്രമായിരുന്നു. കുഞ്ഞ് കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് അദ്ദേഹം ഭാര്യയെ വിവരം അറിയിച്ചു. തൊട്ടടുത്ത സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് രവീന്ദ്രന്റെ ഭാര്യ. ഇവര്‍ പ്രസവാവധിയിലായിരുന്നു. സംഭവം കേട്ടയുടനെ ഇവര്‍ സ്റ്റേഷനിലെത്തി കുഞ്ഞിന് മുലയൂട്ടി.
”ഭര്‍ത്താവ് വിളിച്ചപ്പോള്‍ തന്നെ താന്‍ ഒരു കാബ് ബുക്ക് ചെയ്തു,? ഞാനും ഒരു കുട്ടിയുടെ അമ്മയാണ്. വിശന്നിട്ടാവും കുഞ്ഞ് നിര്‍ത്താതെ കരയുന്നതെന്ന് എനിക്ക് മനസ്സിലായി” അവര്‍ പറഞ്ഞു. പിന്നീട് കുഞ്ഞിനെ ഗവര്‍ണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.
എന്നാല്‍ കുഞ്ഞിന്റെ അമ്മയെ കുറിച്ച് പിന്നീട് ഇവര്‍ക്ക് വിവരം ലഭിച്ചു. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായതിനാല്‍ കുഞ്ഞിനെ ഏല്‍പ്പിച്ച സ്ഥലം ഇവര്‍ മറന്ന് പോയിരുന്നു. തുടര്‍ന്ന് പോലീസ് ഇവരുമായി ആശുപത്രില്‍ എത്തുകയും കുഞ്ഞിനെ തിരിച്ചറിഞ്ഞ ശേഷം ഇവര്‍ക്ക് കൈമാറുകയും ചെയ്തു. പ്രസവാവധിയിലായിട്ടും ജോലിക്കപ്പുറം മാതൃസ്‌നേഹം വിളമ്പിയ പോലീസ് ഉദ്യോഗസ്ഥയ്ക്കും ഭര്‍ത്താവിനും ഹൈദരാബാദ് പോലീസ് കമ്മീഷണര്‍ അനുമോദനം അറിയിച്ചു.
Discussion about this post