മംഗളൂരു: മംഗളൂരുവില്‍ കഴിഞ്ഞദിവസം വൈകീട്ട് ഉണ്ടായ സ്ഫോടനത്തിന് തീവ്രവാദബന്ധമുണ്ട് എന്ന് സ്ഥിരീകരിച്ച് കര്‍ണാടക പോലീസ്. ഓട്ടോയിലുണ്ടായ സ്ഫോടനം യാദൃച്ഛികമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെ നടന്ന തീവ്രവാദ പ്രവര്‍ത്തനമാണെന്നും കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് ആണ് അറിയിച്ചത്.
സ്ഫോടനമുണ്ടായതിന് പിന്നാലെ സംഭവത്തില്‍ കേന്ദ്ര ഏജന്‍സികളുമായി ചേര്‍ന്ന് കര്‍ണാടക പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. മംഗളൂരു സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ സംസ്ഥാന പോലീസിനെ സഹായിക്കുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി അറഗ ജ്ഞാനേന്ദ്ര അറിയിച്ചിട്ടുണ്ട്.
കേന്ദ്ര ഏജന്‍സികളെ അന്വേഷണത്തില്‍ പങ്കാളികളാക്കി പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സ്ഫോടനം നടന്ന ഓട്ടോറിക്ഷയില്‍നിന്ന് കത്തിക്കരിഞ്ഞനിലയില്‍ ഒരു പ്രഷര്‍ കുക്കറും ബാറ്ററികളും കണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞദിവസം വൈകീട്ടോടെയാണ് മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്ഫോടനം നടന്നത്. യാത്രക്കാരന്റെ കൈയിലുണ്ടായിരുന്ന ബാഗില്‍നിന്നാണ് പൊട്ടിത്തെറിയുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. സ്ഫോടനത്തില്‍ ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്കേറ്റിരുന്നു. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post