മധ്യപ്രദേശ്: ചായ കുടിച്ച വകയില്‍ കിട്ടാനുള്ള പണത്തിനായി എംഎല്‍എയുടെ വാഹനം വഴിയില്‍ തടഞ്ഞ് ചായക്കടക്കാരന്‍. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലെ ഇച്ചാവാറിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മുന്‍ റവന്യൂ മന്ത്രിയും ബിജെപി എംഎല്‍എയുമായ കരണ്‍ സിങ് വര്‍മയുടെ കാറാണ് ചായക്കടക്കാരന്‍ തടഞ്ഞത്. ചായകുടിച്ച വകയില്‍ തനിക്ക് തരാനുള്ള 30,000 രൂപ തരണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. 2018 മുതലുള്ള കുടിശ്ശികയാണ് ചായക്കടക്കാരന്‍ ആവശ്യപ്പെട്ടത്.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സ്വന്തം ജില്ല കൂടിയാണ് സെഹോര്‍. ഈ വര്‍ഷം അവസാനം മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ നേതാക്കള്‍ അവരുടെ മണ്ഡലങ്ങളില്‍ പര്യടനം തുടങ്ങിയിരുന്നു. അത്തരത്തിലൊരു പര്യടനത്തിനിടെയാണ് പുതിയ സംഭവം.
കരണ്‍ സിങ് വര്‍മ തന്റെ മണ്ഡലത്തില്‍ പര്യടനം നടത്തുന്നതിനിടെയാണ് ചായക്കടക്കാരന്‍ കാര്‍ തടഞ്ഞ് പണം ആവശ്യപ്പെട്ടത്. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എംഎല്‍എ കരണ്‍ സിംഗ് വര്‍മ്മ ചായ വില്‍പ്പനക്കാരന് പണം നല്‍കിയിട്ടില്ല. ചായ വില്‍പനക്കാരന് പണം നല്‍കാനുണ്ടെന്ന് വീഡിയോയില്‍ എംഎല്‍എയും സമ്മതിക്കുന്നുണ്ട്. എംഎല്‍എ എത്രയും വേഗം ചായക്കടക്കാരന് പണം നല്‍കണമെന്ന് സോഷ്യല്‍മീഡിയയും ആവശ്യപ്പെടുന്നുണ്ട്.
എംഎല്‍എയെ തടഞ്ഞുനിര്‍ത്തി പണം ആവശ്യപ്പെട്ട ചായക്കടക്കാരന്റെ ധൈര്യത്തെയും നിരവധിപേര്‍ പ്രശംസിക്കുന്നുണ്ട്.
मुख्यमंत्री शिवराज सिंह चौहान के गृह जिले के
इछावर विधायक करणसिंह वर्मा ने नहीं दिए चाय के पैसे!सोशल मीडिया पर जमकर हो रहा वीडियो वायरल @ABPNews @abplive @brajeshabpnews pic.twitter.com/V5zoGAtO8z— Nitinthakur (@Nitinreporter5) November 18, 2022
നാല് വര്‍ഷം കഴിഞ്ഞിട്ടും പറ്റ് കാശ് നല്‍കിയിട്ടില്ലെന്ന് ചായ വില്‍പനക്കാരന്‍ പറഞ്ഞു. എത്രയാണ് തരാനുള്ള പണമെന്ന് എംഎല്‍എ ചോദിച്ചു. തുടര്‍ന്ന് 30000 രൂപയെന്ന് ചായക്കടക്കാരന്‍ പറഞ്ഞു. ചായ വില്‍പനക്കാരനോട് പണം വാങ്ങാന്‍ വീട്ടില്‍ വരാന്‍ എംഎല്‍എ ആവശ്യപ്പെടുകയും ചെയ്തു.
അതേസമംയ, ചായവില്‍പ്പനക്കാരന്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്ന് എംഎല്‍എ ആരോപിച്ചു. രണ്ടുതവണയായി പണം നല്‍കി. അതിന് ശേഷം തനിക്കോ തൊഴിലാളികള്‍ക്കോ ചായ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.