ന്യൂഡല്‍ഹി: ബിജെപിയെ തറപറ്റിച്ച് ഭരണത്തിലേറിയ രാജസ്ഥാനിലേയും മധ്യപ്രദേശിലേയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് മുന്നറിയിപ്പ് നല്കി ബിഎസ്പി അധ്യക്ഷ മായാവതി. കേസുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണയെക്കുറിച്ച് പുനരലോചന വേണ്ടിവരുമെന്ന മുന്നറിയിപ്പാണ് ബിഎസ്പി നല്‍കുന്നത്. ഏപ്രില്‍ 2 ന് നടന്ന ഭാരത് ബന്ദിനെ തുടര്‍ന്ന് ഒരു തെറ്റും ചെയ്യാത്തവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കണമെന്നാണ് മായാവതിയുടെ ആവശ്യം.
‘രാജസ്ഥാനിലും മധ്യപ്രദേശിലും പുതുതായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ ഏപ്രില്‍ രണ്ടിലെ ഭാരത് ബന്ദിനെതുടര്‍ന്ന് ചാര്‍ജ് ചെയ്ത കേസ് പിന്‍വലിക്കാന്‍ സത്വര നടപടി സ്വീകരിക്കണം. അല്ലാത്തപക്ഷം സര്‍ക്കാരിനെ പുറത്തുനിന്ന് പിന്തുണക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയ്ക്ക് വീണ്ടും ആലോചിക്കേണ്ടിവരും.’
രാഷ്ട്രീയ സ്വാധീനത്തിന്റെയും സാമുദായിക പരിഗണനയുടെയും പേരിലാണ് പലര്‍ക്കെതിരെയും യുപിയിലേയും രാജസ്ഥാനിലേയും മധ്യപ്രദേശിലേയും ബിജെപി സര്‍ക്കാരുകള്‍ കുറ്റം ചുമത്തിയതെന്നും, ഇപ്പോള്‍ ഭരണത്തിലുള്ള കോണ്‍ഗ്രസ് ഈ കേസുകള്‍ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നുമാണ് മായാവതിയുടെ ആവശ്യം.
രാജസ്ഥാനിലും മധ്യപ്രദേശിലും ബിഎസ്പി പിന്തുണയോടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. രാജസ്ഥാനില്‍ ബിഎസ്പിയ്ക്ക് രണ്ട് സീറ്റും മധ്യപ്രദേശില്‍ ആറ് സീറ്റുമാണുള്ളത്.
Discussion about this post