മുംബൈ: തന്റെ പിതാവിന്റെ മരണം ഹൃദയാഘാതമല്ല, അമ്മ നടത്തിയ കൊലപാതകമാണെന്ന് തെളിയിച്ച് മകൾ. മൂന്ന് മാസം മുൻപാണ് മുൻ സർക്കാർ ഉദ്യോഗസ്ഥനായ മഹാരാഷ്ട്രയിലെ ചന്ദ്രപുർ സ്വദേശി മരിച്ചത്. ഉറങ്ങിക്കിടക്കവെയുണ്ടായ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നുവെന്നാണ് ഭാര്യ രഞ്ജന നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിച്ചിരുന്നത്. എന്നാൽ, ഭർത്താവിന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് രഞ്ജന രാംതെക്, കാമുകൻ മുകേഷ് ത്രിവേദിയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു.
ഈ സംഭാഷണമാണ് രഞ്ജനയ്ക്ക് വിനയായത്. കൊലപാതകം വെളിപ്പെടുത്തുന്ന ശബ്ദരേഖ മകൾ പുറത്ത് വിടുകയായിരുന്നു. പിന്നാലെ രഞ്ജനയെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന ഭർത്താവിനെ രഞ്ജന, തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ബന്ധുക്കളെ വിളിച്ച് ഹൃദയാഘാതം മൂലം ഭർത്താവ് മരിച്ചെന്നു അറിയിച്ചു.
പിന്നാലെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് നിൽക്കാതെ സംസ്‌കരിക്കുകയും ചെയ്തു. ”ഞാൻ അയാളെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു. രാവിലെ ബന്ധുക്കളെ വിളിച്ച് മരണവിവരം അറിയിക്കും. അയാൾക്ക് ഹൃദയാഘാതം ഉണ്ടായെന്ന് പറയും” കൊലപാതകത്തിന് തൊട്ടുപിന്നാലെ രഞ്ജന, കാമുകൻ മുകേഷിനെ ഫോണിൽ വിളിച്ച് അറിയിച്ചു. മൂന്ന് മാസത്തിനു ശേഷം മകൾ ശ്വേത അമ്മയെ കാണാനെത്തി.
ഫോൺ വിളിക്കാനായി അമ്മയുടെ ഫോൺ വാങ്ങിയപ്പോഴാണ് ശബ്ദരേഖ കണ്ടെടുത്തത്. പിന്നാലെ, ശബ്ദരേഖയുമായി ശ്വേത സ്റ്റേഷനിൽ ഹാജരായി. ശബ്ദരേഖ കേട്ട പൊലീസ്, രഞ്ജനയെയും മുകേഷിനെയും വിളിപ്പിച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.