മഹാരാഷ്ട്ര: ഇന്ന് കൂട്ടുകുടുംബങ്ങളുടെ കാഴ്ച അപൂര്‍വമാണ്. അച്ഛനും അമ്മയും ഒന്നോ രണ്ടോ മക്കളും എന്നതായിരിക്കുന്നു ഇന്ന് കുടുംബം. മെട്രോ നഗരങ്ങളില്‍ കൂട്ടുകുടുംബങ്ങള്‍ എന്നത് കഥകളില്‍ മാത്രമുള്ളതാണ്. എന്നാല്‍ മഹാരാഷ്ട്രയിലെ സോലാപൂരിലെ ഒരു കുടുംബം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്.
സോലാപൂരിലെ ഡോയ്ജോഡ് കുടുംബമാണ് 72 അംഗങ്ങളുമായി ശ്രദ്ധേയമാകുന്നത്.
കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുന്നുണ്ടാകും. എന്നാല്‍ സംഗതി സത്യമാണ്. അടുത്തിടെ ബിബിസി ഇവരുടെ ജീവിതം ലോകത്തെ അറിയിച്ചിരുന്നു. ഒരു ട്രേഡിംഗ് കമ്പനിയുടെ ഉടമസ്ഥരാണ് ഈ വലിയ കുടുംബം.
72 അംഗങ്ങളുള്ള തങ്ങളുടെ കുടുംബത്തിന് രാവിലെയും വൈകുന്നേരവുമായി പത്തു ലിറ്റര്‍ പാലും ഭക്ഷണത്തിനായി ദിവസവും ആകെ 1,000 രൂപ മുതല്‍ 1,200 രൂപ വരെ വില വരുന്ന പച്ചക്കറികളും വേണമെന്ന് കുടുംബാംഗമായ അശ്വിന് പറയുന്നു. വീട്ടിലെ എല്ലാവര്ക്കും ആവശ്യമായ നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന് ഇതിലും മൂന്നോ നാലോ ഇരട്ടി ചിലവാകും.
ഒരു വര്‍ഷത്തേക്കുള്ള അരിയും ഗോതമ്പും പയറുമൊക്കെ ഒന്നിച്ചാണ് വാങ്ങാറ്.
ഏകദേശം 40 മുതല്‍ 50 ചാക്കുകള്‍ വരെ ഉണ്ടാകും. ഞങ്ങള്‍ക്ക് ധാരാളം പലചരക്കു സാധനങ്ങള്‍ ആവശ്യം ഉള്ളതിനാലാണ് ഇങ്ങനെ മൊത്തമായി വാങ്ങുന്നത്. അങ്ങനെ വാങ്ങുമ്പോള്‍ ചെലവും അല്പം കുറയുമെന്നും അശ്വിന് പറയുന്നു.
ഈ കുടുംബത്തില്‍ ജനിച്ചുവളര്‍ന്നവര്‍ യാതൊരു ബുദ്ധിമുട്ടുകളും കൂടാതെയാണ് ജീവിക്കുന്നതെന്ന് മരുമകള്‍ നൈന പറയുന്നു എന്നാല്‍ വിവാഹം കഴിഞ്ഞ് ഇവിടേക്കെത്തുന്ന സ്ത്രീകള്‍ക്ക് ആദ്യമൊക്കെ അല്‍പ്പം ബുദ്ധിമുട്ട് തോന്നുമെന്നും നൈന പറയുന്നു.
”ആദ്യം ഈ വീട്ടിലെക്കെത്തിയപ്പോള്‍ ആളുകളുടെ എണ്ണം കണ്ട് ഭയം തോന്നി. എന്നാല്‍ എല്ലാവരും എന്നെ സഹായിച്ചു. എന്റെ അമ്മായിയമ്മയും സഹോദരിയും സഹോദരീ സഹോദരന്മാരും എല്ലാവരും എനിക്കൊപ്പം നിന്നു”, നൈന പറഞ്ഞു.
ഒന്നിച്ചു കളിക്കാന്‍ ധാരാളം കുട്ടികള്‍ ഉള്ളതിനാല്‍, കുടുംബത്തിലെ കുട്ടികള്‍ക്ക് ഒരിക്കലും ഏകാന്തത അനുഭവപ്പെടുന്നില്ല. ഞങ്ങള്‍ക്ക് ഒരിക്കലും മറ്റൊരു സ്ഥലത്തേക്ക് കളിക്കാന്‍ ആളെ അന്വേഷിച്ച് പോകേണ്ടി വന്നിട്ടില്ല. ഇവിടെത്തന്നെ ധാരാളം കുട്ടികളുണ്ട്.
പുറത്തു പോയാല്‍ മറ്റുള്ളവരോട് സംസാരിക്കാനും അവരോട് എളുപ്പത്തില്‍ ഇടപഴകാനും ഉള്ള ധൈര്യം ഇവിടെ നിന്നും ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഒരുപാട് ആളുകള്‍ ഇങ്ങനെ ഒരുമിച്ച് താമസിക്കുന്നത് കാണുമ്പോള്‍ എന്റെ കൂട്ടുകാര്‍ക്കൊക്കെ അത്ഭുതമാണ്”, കുടുംബത്തിലെ കുട്ടികളിലൊരാളായ അദിതിയും പങ്കുവയ്ക്കുന്നു.
Discussion about this post