പട്‌ന: ഗർഭാശയ രോഗചികിത്സയ്ക്ക് പോയ യുവതിയുടെ രണ്ട് വൃക്കയും നീക്കം ചെയ്തതായി പരാതി. സംഭവത്തിൽ ക്ലിനിക്ക് ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. അതേസമയം, ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം നടത്തി വരികയാണ്. ബിഹാറിലെ മുസാഫർപുരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ 38കാരിയായ സുനിതാ ദേവിയാണ് തട്ടിപ്പിനിരയായത്.
പക്ഷാഘാതം, ഒന്നിലേറെ തവണ ഹൃദയാഘാതം; അർബുദത്തെ 2 തവണ തോൽപ്പിച്ച നടി ഐന്ദ്രില ശർമ അതീവ ഗുരുതരാവസ്ഥയിൽ
ഇപ്പോൾ, മുസാഫർപുരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ ഡയാലിസിസിലൂടെ ജീവൻ നിലനിർത്തുകയാണ് യുവതി. സംഭവം വിവാദമായതോടെയാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആർ.കെ.സിങ് ഒളിവിൽ പോയത്. സെപ്റ്റംബർ മൂന്നിനായിരുന്നു യുവതിയുടെ വൃക്കകൾ നീക്കം ചെയ്തത്. മുസാഫർപുരിലെ ശുഭ്കാന്ത് നഴ്സിംഗ് ഹോം ചികിത്സയ്ക്കുശേഷം കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുനിതാ ദേവിയെ ശ്രീകൃഷ്ണ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ഇവിടെ നടത്തിയ പരിശോധനയിലാണ് വൃക്ക നീക്കം ചെയ്തതായി കണ്ടെത്തിയത്. സുനിതാദേവിയുടെ അമ്മ ടെട്രി ദേവി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പവൻകുമാറിനും ഡോ.ആർ.കെ.സിങ്ങിനുമെതിരെ അവയവ മാറ്റിവെക്കൽ നിയമത്തിലെ വകുപ്പുകൾ പ്രകാരം ബരിയാർപുർ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്യുകയായിരുന്നു. കുറ്റവാളിയായ ഡോക്ടറെയും ഉടൻ പിടികൂടണമെന്നും ഡോക്ടറുടെ വൃക്കകൾ തനിക്കു നൽകണമെന്നും യുവതി ആവശ്യപ്പെട്ടു.