കൊൽക്കത്ത: പക്ഷാഘാതത്തേ തുടർന്ന് കൊൽക്കത്തയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബംഗാളി നടി ഐന്ദ്രില ശർമയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. നടിക്ക് ചൊവ്വാഴ്ച ഒന്നിലേറെ ഹൃദയാഘാതങ്ങൾ ഉണ്ടായതായാണ് ഒടുവിലായി ലഭിക്കുന്ന വിവരം. നിലവിൽ താരം വെന്റിലേറ്ററിൽ തുടരുകയാണ്. ഈ മാസം ഒന്നാം തീയതിയാണ് ഐന്ദ്രിലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പക്ഷാഘാതമുണ്ടായതിനെ തുടർന്ന് ഐന്ദ്രിലയെ സർജറിക്ക് വിധേയയാക്കിയിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചിരിക്കുകയാണെന്നാണ് പുതിയ സി.ടി. സ്കാൻ റിപ്പോർട്ട്. ഇത് നീക്കം ചെയ്യുന്നത് സാധ്യമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. രക്തം കട്ടപിടിച്ചത് കുറയാനുള്ള പുതിയ മരുന്ന് നൽകിയിട്ടുണ്ടെന്നും ഇതിനോട് ഐന്ദ്രില എങ്ങനെ പ്രതികരിക്കുന്നുവെന്ന് ഇനിയും അറിയേണ്ടതുണ്ടെന്ന് ഡോക്ടർമാർ അറിയിക്കുന്നു.
അർബുദത്തെ രണ്ടുതവണയാണ് ഐന്ദ്രില അതിജീവിച്ചത്. ഝുമുർ പരിപാടിയിലൂടെ ടിവിയിൽ അരങ്ങേറ്റം കുറിച്ച അവർ ജിബോൺ ജ്യോതി, ജിയോൻ കത്തി തുടങ്ങിയ ജനപ്രിയ ഷോകളിൽ പ്രത്യക്ഷപ്പെട്ടു. ചില ഓ.ടി.ടി പ്രോജക്ടുകളുടെ ഭാഗവുമായിരുന്നു ഐന്ദ്രില. താരത്തിന്റെ തിരിച്ചു വരവിനായി പ്രാർത്ഥിക്കുകയാണ് സഹപ്രവർത്തകരും.
Discussion about this post