ബിജ്നോർ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ കാമുകനെ തേടി ഉത്തർപ്രദേശിലെത്തിയ യുവതിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. യുപിയിലെ അംറോഹ ജില്ലയിലെ സെക്യൂരിറ്റി ഏജൻസി ഓഫീസിൽ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് 25കാരിയായ യുവതിയെ കണ്ടെത്തിയത്. സംഭവത്തിൽ കാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. 36കാരനായ മുഹമ്മദ് ഷെഹിസാദ് കുറ്റം സമ്മതിച്ചു.
പ്രണയിച്ച വ്യക്തിയെ വിവാഹം കഴിക്കാതിരിക്കുന്നത് വഞ്ചനയല്ല: യുവതി നല്‍കിയ വഞ്ചനാക്കേസ് റദ്ദാക്കി
ഹൈദരാബാദ് സ്വദേശിയായ യുവതിയാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവുമായി സൗഹൃദത്തിലായത്. ഈ സൗഹൃദം പ്രണയത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. ശേഷം, യുവതി യുവാവിനെ തേടി ഉത്തർപ്രദേശിലെത്തുകയായിരുന്നു. തന്നെ വിവാഹം കഴിക്കാൻ യുവതി കാമുകനെ സമർദ്ദം ചെലുത്തുകയും ചെയ്തു. എന്നാൽ വിവാഹം കഴിക്കാൻ താത്പര്യമില്ലെന്ന് യുവാവ് അറിയിച്ചതോടെ ഇരുവരും തമ്മിൽ വാക്ക് തർക്കമായി.
ഇതിൽ പ്രകോപിതനായി യുവതിയെ ഷെഹ്‌സാദ് ഇഷ്ടിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. മരണം ഉറപ്പാക്കാൻ ശ്വാസം മുട്ടിക്കുകയും ചെയ്തു. പിന്നീട്, പെയിന്റ് കടയ്ക്ക് സമീപമുള്ള സുരക്ഷാ ഏജൻസിയുടെ ഓഫീസിലാണ് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. ഐഡി കാർഡിന്റെ സഹായത്തോടെയാണ് യുവതിയെ തിരിച്ചറിഞ്ഞതെന്ന് അംറോഹ എസ്പി, ആദിത്യ ലാംഗേ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിക്കെതിരെ ക്രിമിനൽ ഗൂഢാലോചനയ്ക്കും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ട്. പ്രതി ഷെഹ്‌സാദ് സ്ഥിരം മദ്യപാനിയായിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഭാര്യ വിവാഹമോചനം നേടിയിരുന്നു. യുവതിയുടെ കുടുംബം ഇപ്പോൾ അംറോഹയിലേക്കുള്ള യാത്രയിലാണ്. അതേസമയം, ലൈംഗികാതിക്രമം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പോലീസ് അറിയിച്ചു.