നായയോ പൂച്ചയോ ആക്രമിച്ചാല്‍ ഉടമയ്ക്ക് 10,000 രൂപ പിഴ

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ വളര്‍ത്തുമൃഗങ്ങളുടെ ആക്രമണം രൂക്ഷമായതോടെ നടപടിയുമായി അതോറിറ്റി. നായയോ പൂച്ചയോ കാരണം അപകടമുണ്ടായാല്‍ വളര്‍ത്തുമൃഗങ്ങളുടെ ഉടമകളില്‍ നിന്ന് 10,000 രൂപ ഈടാക്കാന്‍ നിര്‍ദ്ദേശം.

തെരുവ്, വളര്‍ത്തു നായ്ക്കള്‍, വളര്‍ത്തു പൂച്ചകള്‍ക്കുള്ള നോയിഡ അതോറിറ്റിയുടെ നയ രൂപീകരണം സംബന്ധിച്ച് തീരുമാനങ്ങള്‍ എടുത്ത 207-ാമത് ബോര്‍ഡ് യോഗത്തിന് ശേഷമാണ് തീരുമാനം.

നോയിഡ മേഖലയ്ക്കായി അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് അതോറിറ്റി നയം തീരുമാനിച്ചത്. ബോര്‍ഡ് മീറ്റിംഗില്‍ എടുത്ത തീരുമാനങ്ങള്‍ നോയിഡ അതോറിറ്റിയുടെ സിഇഒ ട്വിറ്ററില്‍ പങ്കിട്ടിട്ടുണ്ട്. 2023 മാര്‍ച്ച് 1-ന് മുമ്പ് വളര്‍ത്തുനായ്ക്കളുടെയോ പൂച്ചകളുടെയോ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒരു വളര്‍ത്തുമൃഗ ഉടമ അവസാന തീയതിക്ക് മുമ്പ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടാല്‍ പിഴ ചുമത്തും.


വളര്‍ത്തുനായ്ക്കള്‍ക്ക് വന്ധ്യംകരണവും പേവിഷബാധ പ്രതിരോധ കുത്തിവയ്പും നിര്‍ബന്ധമാക്കിയിട്ടുണ്ട്. നിയമം ലംഘിച്ചാല്‍ പ്രതിമാസം 2000 രൂപ പിഴ ചുമത്തും. വളര്‍ത്തുമൃഗങ്ങള്‍ പൊതുസ്ഥലത്ത് വിസര്‍ജനം നടത്തിയാല്‍ അത് വൃത്തിയാക്കേണ്ട ചുമതല മൃഗ ഉടമയ്ക്കായിരിക്കും. വളര്‍ത്തുനായ, പൂച്ച കാരണം എന്തെങ്കിലും അപകടമുണ്ടായാല്‍ 10,000 രൂപ പിഴ ചുമത്തുകയും പരിക്കേറ്റ വ്യക്തിയുടെ/മൃഗത്തിന്റെ ചികിത്സാ ചെലവ് വളര്‍ത്തുമൃഗത്തിന്റെ ഉടമ വഹിക്കുകയും ചെയ്യും.

Exit mobile version