ബംഗളൂരു: ഇതര സമുദായത്തിൽപ്പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ മകളെ കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. കർണാടകയിലെ ബെല്ലാരിയിൽ ആണ് സംഭവം. ബെല്ലാരിയിലെ കുഡത്തിനി ടൗണിലെ കനാലിലാണ് മകളെ പിതാവ് തള്ളിയിട്ട് കൊലപ്പെടുത്തിയത്. സംഭവത്തിൽ, പെൺകുട്ടിയുടെ അച്ഛൻ ഓംകാർ ഗൗഡയെ പോലീസ് അറസ്റ്റ് ചെയ്തു.
ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് പല തവണ പറഞ്ഞിരുന്നുവെങ്കിലും പെൺകുട്ടി തയ്യാറായില്ല. ഇതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് ഓംകാർ ഗൗഡ പോലീസിന് മൊഴി നൽകി. ഒക്ടോബർ 31നാണ് സംഭവം. പിതാവ് മകളെയും കൂട്ടി സിനിമ കാണാനായാണ് വീട്ടിൽ നിന്ന് പുറപ്പെട്ടത്. എന്നാൽ വൈകി എത്തിയതിനാൽ സിനിമ കാണാൻ സാധിച്ചില്ല. തുടർന്ന് ഇരുവരും ക്ഷേത്രത്തിലേയ്ക്ക് എത്തി. തൊഴുത് ഇറങ്ങവെ മകൾക്ക് ആഭരണങ്ങളും വാങ്ങി നൽകി.
ശേഷം, മകളെ കനാലിനടുത്ത് എത്തിച്ച് തള്ളിയിടുകയായിരുന്നു. പിന്നാലെ ഇയാൾ തിരുപ്പതിയിലേയ്ക്കും കടന്നു. ശേഷം ഇരുവരെയും കാണാനില്ലെന്ന് ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിതാവ് അറസ്റ്റിലായതും മകളെ കൊലപ്പെടുത്തിയ കാര്യവും തെളിഞ്ഞത്. പ്രതിയുടെ മൊഴിയിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൃതദേഹത്തിനായുളള തെരച്ചിൽ നടത്തി വരികയാണ്.
Discussion about this post