ബംഗളൂരു: കാമുകന് വിഡിയോ സന്ദേശം അയച്ചശേഷം നാല് കുട്ടികളുടെ അമ്മയായ യുവതി ജീവനൊടുക്കി. സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി മുന്‍ കാമുകന്‍ തുടര്‍ച്ചയായി പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചാമുണ്ഡേശ്വരി എന്ന മുപ്പത്തഞ്ചുകാരി ആത്മഹത്യ ചെയ്തത്.
ബംഗളൂരുവിലെ ഒരു ബ്യൂട്ടി പാര്‍ലറില്‍ ജീവനക്കാരിയായ ചാമുണ്ഡേശ്വരി മുന്‍ കാമുകനായ നെല്ലൂര്‍ സ്വദേശി മല്ലികാര്‍ജുന്റെ ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്. മല്ലികാര്‍ജുനെതിരെ ചാമുണ്ഡേശ്വരിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു.
കോരമംഗലയിലെ ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്തിരുന്ന ചാമുണ്ഡേശ്വരി, ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ആന്ധ്രയിലെ നെല്ലൂരില്‍ നിന്നുള്ള മല്ലികാര്‍ജുനെ പരിചയപ്പെടുന്നത്. പരിചയം പ്രണയത്തിനു വഴിമാറുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഇതിനിടെ ഇരുവരുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ മല്ലികാര്‍ജുന്‍, അത് പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി ചാമുണ്ഡേശ്വരിയില്‍ നിന്ന് പണം ആവശ്യപ്പെടാന്‍ തുടങ്ങി. തുടക്കത്തില്‍ മല്ലികാര്‍ജുന്‍ ആവശ്യപ്പെട്ട ചെറിയ തുകകള്‍ ചാമുണ്ഡേശ്വരി നല്‍കിയെങ്കിലും, പിന്നീട് 2 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി തുടങ്ങി.
എന്നാല്‍ ചാമുണ്ഡേശ്വരി വിസമ്മതിച്ചതോടെ സ്വകാര്യ ദൃശ്യങ്ങള്‍ പരസ്യമാക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. നില്‍ക്കക്കള്ളിയില്ലാതായതോടെ ഇവര്‍ ജീവനൊടുക്കുകയായിരുന്നു. മരിക്കുന്നതിനു മുന്‍പ് മല്ലികാര്‍ജുന് വാട്‌സാപ്പില്‍ വിഡിയോ അയച്ച ശേഷമാണ് ചാമുണ്ഡേശ്വരി ജീവനൊടുക്കിയത്. ‘നിങ്ങള്‍ സന്തോഷമായിരിക്കൂ. പക്ഷേ മറ്റു സ്ത്രീകളെ ഒരിക്കലും ഇതുപോലെ ബുദ്ധിമുട്ടിക്കരുത്’ എന്ന് വിഡിയോ സന്ദേശത്തില്‍ ചാമുണ്ഡേശ്വരി ആവശ്യപ്പെട്ടു.
ചാമുണ്ഡേശ്വരിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്ത ബംഗളൂരു പോലീസ്, മല്ലികാര്‍ജുനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ചാമുണ്ഡേശ്വരിയുടെ മരണത്തിനു പിന്നാലെ ഇയാള്‍ ഒളിവിലാണെന്നാണ് അറിയുന്നത്.