ന്യൂഡല്‍ഹി: അച്ഛനും പെണ്‍മക്കളും തമ്മിലുള്ള ആത്മബന്ധം ആഴമേറിയതാണ്. ഭൂരിഭാഗം പെണ്‍കുട്ടികളുടേയും ജീവിതത്തിലെ ആദ്യത്തെ ഹീറോ അച്ഛനായിരിക്കും. അത്തരത്തില്‍ അച്ഛന്റെയും മകളുടെയും വൈകാരിക നിമിഷത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
മകളെ പുതിയ കോളേജില്‍ കൊണ്ടുവിടാന്‍ വരുന്ന ഒരു അച്ഛന്റെ സങ്കടമാണ് ഈ വീഡിയോയിലുള്ളത്. പ്രേക്ഷ മോഹില്‍ എന്ന പെണ്‍കുട്ടിയാണ് ഈ ഹൃദയസ്പര്‍ശിയായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ഡല്‍ഹി സര്‍വകലാശാലയില്‍ പ്രേക്ഷയുടെ ആദ്യ ദിവസമായിരുന്നു അന്ന്. പ്രേക്ഷയും അച്ഛനും ഒരുപോലെ സ്വപ്നം കണ്ട ദിവസം. അഡ്മിഷന്‍ പൂര്‍ത്തിയായ ശേഷം അച്ഛനും അമ്മയും പ്രേക്ഷയും ക്യാംപസ് ചുറ്റിക്കാണാന്‍ ഇറങ്ങി. റിക്ഷയിലായിരുന്നു കറക്കം. ഇതിനിടയില്‍ മകളുടെ നേട്ടമോര്‍ത്തും മകളെ പിരിഞ്ഞിരിക്കേണ്ട കാര്യമോര്‍ത്തും അച്ഛന്‍ കരയുകയായിരുന്നു. അദ്ദേഹത്തിന്റെ മനസ് മനസിലാക്കി പ്രേക്ഷയുടെ അമ്മ അച്ഛനെ ചേര്‍ത്തുപിടിക്കുന്നതും വീഡിയോയില്‍ കാണാം.
ഈ ലക്ഷ്യം നേടിയെടുക്കാനായി താന്‍ നടത്തിയ കഠിനാധ്വാനവും ത്യാഗങ്ങളുമെല്ലാം എത്രത്തോളം വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ നിമിഷം എന്നാണ് വീഡിയോ പങ്കുവെച്ച് പ്രേക്ഷ കുറിച്ചത്. അച്ഛന്റേയും അമ്മയുടേയും സന്തോഷം കാണാന്‍ എന്തു ചെയ്യാനും താന്‍ തയ്യാറാണെന്നും പ്രേക്ഷ പറയുന്നു.
12 ലക്ഷം ആളുകളാണ് ഹൃദ്യമായ വീഡിയോ കണ്ടത്. പത്ത് ലക്ഷത്തിലധികം ആളുകള്‍ ലൈക്കും ചെയ്തു. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കമന്റുമായെത്തി. ഹൃദയം തുറന്നുള്ള ഈ സ്നേഹം കണ്ട് സന്തോഷം തോന്നിയെന്നും ഇന്‍സ്റ്റഗ്രാമിലെ മികച്ച വീഡിയോ എന്നുമെല്ലാം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.