വരാണസി: ഹെലികോപ്റ്റര്‍ വാങ്ങാന്‍ കാശില്ലാത്തത് കൊണ്ട് കാറിനെ ഹെലികോപ്റ്ററാക്കി മാറ്റി സ്വപ്‌നം യാഥാര്‍ഥ്യമാക്കി കര്‍ഷകന്‍. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗ്രഹിലെ സാധാരണ കര്‍ഷകനായ അനില്‍ പട്ടേല്‍ ആണ് വ്യത്യസ്തമായി സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത്.
ദെഹാത്തി ക്രിയേറ്റര്‍ എന്ന യൂട്യൂബ് പേജിലാണ് ഈ ഹെലിക്കോപ്റ്റര്‍ കാറിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. മുകളിലെ നീണ്ട ഫാനുകള്‍ കറക്കിക്കൊണ്ട് മുന്നോട്ടു പോവുന്ന ഹെലിക്കോപ്റ്റര്‍ കാറിന്റെ ദൃശ്യം ഈ വീഡിയോയിലുണ്ട്. നീണ്ട വാലിന് അറ്റത്തുള്ള ഫാനും കറങ്ങുന്നുണ്ട്.
കാറിന്റെ സ്റ്റിയറിങിന്റെ വലതുവശത്താണ് ഹെലിക്കോപ്റ്റര്‍ ഫാനുകളുടെ നിയന്ത്രിക്കാനുള്ള സംവിധാനമുള്ളത്. കാറിന് മുകളിലെ ലീഫുകള്‍ കറങ്ങുന്നതിന്റെ വേഗം ക്രമീകരിക്കാനും സാധിക്കും. കാഴ്ചയില്‍ അടിപൊളി ഹെലിക്കോപ്റ്ററാണെങ്കിലും ഈ ഹെലിക്കോപ്റ്റര്‍ കാറിന് പറക്കാനാവില്ല.
അനില്‍ ഈ കാര്‍ മാറ്റിയെടുത്തത് വിവാഹങ്ങള്‍ക്ക് വാടകയ്ക്ക് കൊടുക്കുക എന്ന ഉദ്ദേശത്തിലാണ്. പോകുന്ന വഴിയിലുള്ളവരുടെയെല്ലാം ശ്രദ്ധയാകര്‍ഷിക്കുന്ന ഹെലിക്കോപ്റ്റര്‍ കാറിന് സ്വാഭാവികമായും നിരവധി ബുക്കിങ്ങുകള്‍ ലഭിക്കുകയും ചെയ്തു.
ഹെലിക്കോപ്റ്റര്‍ കാറിന്റെ ബോണറ്റില്‍ ശുഭ് വിവാഹ് എന്ന് എഴുതിയിരിക്കുന്നതും വിവാഹ ചടങ്ങുകള്‍ ലക്ഷ്യം വെച്ചാണ്. വശങ്ങളിലെ നീലയും ചുവപ്പും നിറത്തിലുള്ള വരകളും വെള്ള കാറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്. രാത്രിയില്‍ പ്രത്യേക ലൈറ്റ് സംവിധാനവും ഹെലിക്കോപ്റ്റര്‍ വര്‍ണാഭമാക്കുന്നു.
ഒരു ലക്ഷം രൂപക്ക് വാങ്ങിയ പഴയ വാഗണ്‍ കാറില്‍ രണ്ട് ലക്ഷം രൂപ മുടക്കിയാണ് അനില്‍ ഹെലിക്കോപ്റ്റര്‍ കാര്‍ ഒരുക്കിയത്. ഹെലിക്കോപ്റ്റര്‍ കാര്‍ പുറത്തിറങ്ങി മൂന്നു മാസത്തിനുള്ളില്‍ ലഭിച്ച പതിനഞ്ചോളം വിവാഹ ബുക്കിങുകള്‍ അനില്‍ പട്ടേലിന്റെ ആശയം നഷ്ടമായില്ലെന്നതിന്റെ തെളിവാണ്. ഓരോ വിവാഹത്തിനും 10,000 മുതല്‍ 12,000 രൂപ വരെയാണ് അനില്‍ ഈടാക്കുന്നത്.